കൗണ്‍സില്‍ യോഗത്തില്‍ ഇ എം എസ് ഭവന പദ്ധതിയെ ചൊല്ലി അതൃപ്തി; പ്രതിപക്ഷം ഇറങ്ങിപ്പോയി

Posted on: February 4, 2015 10:54 am | Last updated: February 4, 2015 at 10:54 am

മഞ്ചേരി: ഇന്നലെ മഞ്ചേരി നഗരസഭയില്‍ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ വാക്കൗട്ട് നടത്തി. ഇ എം എസ് ഭവന പദ്ധതിയെ ചൊല്ലി കഴിഞ്ഞ കൗണ്‍സിലില്‍ 43ാം വാര്‍ഡ് കൗണ്‍സിലര്‍ വി പി ഫിറോസ് ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് ഭരണസമിതി ഉത്തരം നല്‍കിയെങ്കിലും അസംതൃപ്തരായ പ്രതിപക്ഷ മെമ്പര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. 1995 ലെ കേരളാ മുനിസിപ്പാലിറ്റി കൗണ്‍സില്‍ യോഗ നടപടി ക്രമം ചട്ടങ്ങള്‍ വകുപ്പ് 17 പ്രകാരം ജനുവരി 19ന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് വി പി ഫിറോസ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇ എം എസ് ഭവന പദ്ധതി ഏതു വര്‍ഷം ആരംഭിച്ചു, ഫണ്ട് കണ്ടെത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം, ഒരു വീടിന് എത്ര രൂപ, രണ്ട് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതെപ്പോള്‍, ഗുണഭോക്താക്കളെ എങ്ങനെ കണ്ടെത്തും, അന്തിമ ലിസ്റ്റില്‍ എത്രപേരുള്‍പ്പെട്ടു, ആര്‍ക്കെങ്കിലും വീടു നിഷേധിച്ചിട്ടുണ്ടോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. 2009ല്‍ ആരംഭിച്ച ഇ എം എസ് ഭവനപദ്ധതിക്ക് സഹകരണ ബേങ്കില്‍ നിന്ന് വായ്പയെടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ജനറല്‍ വിഭാഗത്തിന് 75000 രൂപ, എസ് സി വിഭാഗത്തിന് ഒരു ലക്ഷം രൂപ, എസ് ടി വിഭാഗത്തിന് 1.25 ലക്ഷം രൂപ എന്നിങ്ങനെ ധനസഹായം നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. 2012 ഫെബ്രുവരി 27ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തുക രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. 2011 സെപ്തംബര്‍ 15ന് ശേഷം വീടു നിര്‍മാണം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും ഒന്നിലധികം ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് ധനസഹായം സ്വീകരിച്ചവര്‍ക്ക് ആനുപാതിക വര്‍ധനവുമാണ് അനുവദിച്ചത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാക്കിയ ബി പി എല്‍ ലിസ്റ്റില്‍ നിന്നും മാനദണ്ഡങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥര്‍ വാര്‍ഡുതല വെരിഫിക്കേഷന്‍ നടത്തി കൗണ്‍സില്‍ പരിഗണിച്ച് അംഗീകരിച്ചവരാണ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉണ്ടായിരുന്ന 205 പേര്‍. ഇതില്‍ ആര്‍ക്കും തന്നെ ധനസഹായം നിഷേധിച്ചിട്ടില്ലെന്നും ഭരണസമിതി മറുപടി നല്‍കി. ഈ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങി പോകുകയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു.