Connect with us

Malappuram

കാണാതായ ഫയലുകളെ ചൊല്ലി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരൂര്‍: നഗരസഭയില്‍ നിന്നും കാണാതായ ഫയലുകള്‍ കണ്ടെത്തുന്നതിന് ഭരണ സമിതി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം.
നഗരസഭാ യോഗം തുടങ്ങി ഏതാനും മിനുറ്റുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് കൃഷ്ണന്‍ നായര്‍ കാണാതായ ഫയലുകളെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ചെയര്‍ പേഴ്‌സണ്‍ കെ സഫിയ ടീച്ചര്‍ യോഗത്തില്‍ വിശദീകരണം നല്‍കാതെ മൗനം പ്രാപിക്കുകയായിരുന്നു. വീണ്ടും പ്രതിപക്ഷാംഗങ്ങള്‍ കാണാതായ നാല്‍പത് ഫയലുകളും ക്വറിയര്‍ വഴി നഗരസഭയില്‍ ലഭിച്ച ഫയലിനെ സംബന്ധിച്ചും ചോദ്യങ്ങളുന്നയിച്ചെങ്കിലും നഗരസഭാ അധ്യക്ഷ മൗനം ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷാംഗങ്ങളായ കൃഷ്ണന്‍ നായര്‍, പി പി ലക്ഷമണന്‍, കെ സഫിയ, കുഞ്ഞീതുട്ടി, ശര്‍മ്മിളാ ദാസ് എന്നിവര്‍ പ്ലേകാര്‍ഡുകളുമായി കൗണ്‍സിലിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
തുടര്‍ന്ന് മുദ്രാവാക്യം വിളികളോടെ യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം കൗണ്‍സിലിന് പുറത്തേക്കിറങ്ങി. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ വിഷയത്തെ സംബന്ധിച്ച് മറുപടി പറയാതെ അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് അധ്യക്ഷ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. അതേസമയം കഴിഞ്ഞ മാസം നഗരസഭയില്‍ നിന്നും കാണാതായ ഫയല്‍ ക്വറിയര്‍ വഴി നഗരസഭാ അധ്യക്ഷയുടെ അഡ്രസില്‍ വന്ന സംഭവത്തില്‍ അന്വേഷണം തുടരാതെ പോലീസും ഭരണ സമിതിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Latest