Connect with us

Kozhikode

വെബ്‌സൈറ്റില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കാണിച്ച് തട്ടിപ്പ്: രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: വെബ്‌സൈറ്റില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കാണിച്ച് തട്ടിപ്പ് നടത്തുന്ന രണ്ട് പേര്‍ പിടിയില്‍. മലപ്പുറം ചോലക്കല്‍ വീട്ടില്‍ മുനീര്‍ ചുക്കാന്‍ (27), വടകര കുളങ്ങരത്ത് മീത്തല്‍ ദസ്തക്കീര്‍ (32) എന്നിവരാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
ലൈംഗിക ആവശ്യത്തിനായി ഫഌറ്റുകളില്‍ പെണ്‍കുട്ടികളെ താമസിപ്പിച്ചിട്ടുണ്ടെന്ന് വെബ്‌സൈറ്റില്‍ കാണിച്ചായിരുന്നു തട്ടിപ്പ്. പ്രതികളുടെ തട്ടിപ്പ് സംബന്ധിച്ച് പോലീസ് പറയുന്നത് ഇപ്രകാരം. വെബ് സൈറ്റുണ്ടാക്കി അതില്‍ പെണ്‍കുട്ടികളുടെ ഫോട്ടോയും പ്രതികളുടെ മൊബൈല്‍ ഫോണും നല്‍കും. ആളുകള്‍ വിളിക്കുമ്പോള്‍ വാട്‌സ് അപ്പ് മുഖേന കൂടുതല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അയച്ചുകൊടുക്കും. പിന്നീട് ഫോട്ടോയില്‍ കാണുന്ന ഇഷ്ടപ്പെട്ടവരെ പറഞ്ഞുറപ്പിച്ച് ഫഌറ്റിന്റെ വ്യാജ റൂം നമ്പര്‍ പറഞ്ഞ് അവിടെ എത്തിക്കും. ഫഌറ്റിന് മുന്നില്‍ ഇടപാടുകാരെ വാഹനത്തില്‍ ഇറക്കിയ ശേഷം വാച്ച്മാന് 100 രൂപ കൊടുത്താല്‍ മതിയെന്നും അയാള്‍ മുറിയിലെത്തിക്കുമെന്ന് പറഞ്ഞ് പ്രതികള്‍ സ്ഥലം വിടും. തട്ടിപ്പിന് ഇരയായവര്‍ പിന്നീട് പ്രതികളെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പറയുകയെന്നും പോലീസ് പറഞ്ഞു.
ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ആവശ്യക്കാരാണെന്ന വ്യാജേന വേഷം മാറി പ്രതികളെ സമീപിക്കുകയും ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കോര്‍പറേഷന്‍ ഓഫീസിന് സമീപം വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉത്തരമേഖല എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡിക്ക് മുഹമ്മദ് കബീര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വിവിധ സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രത്യേക വെബ്‌സൈറ്റുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്മീഷണര്‍ എ വി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബംഗളൂരുവില്‍ താമസക്കാരനായ ഒരു മലയാളിയാണ് വെബ്‌സൈറ്റ് ഉണ്ടാക്കികൊടുത്തത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിശ്വാസവഞ്ചന, ഐ ടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 100 ല്‍ പരം പേര്‍ തട്ടിപ്പിനിരയായതായാണ് പ്രാഥമിക നിഗമനം. മാനഹാനി ഭയന്നാണ്പലരും പരാതി നല്‍കാത്തത്. എന്നാല്‍ 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും സമൂഹത്തിലെ ഉന്നതരും പ്രവാസികളുമാണ്. മറ്റുള്ളവര്‍ക്കായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
രണ്ട് മാസം മുമ്പ് ബംഗളൂരുവിലെ ഡാന്‍സ് ബാറില്‍ നിന്ന് പരിചയപ്പെട്ട ശിവ, ജീവ, റാഫി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരാളാണ് ഇരുവര്‍ക്കും പുതിയ തട്ടിപ്പ് രീതി പറഞ്ഞുകൊടുത്തത്. നെറ്റില്‍ കാലിക്കറ്റ് കോള്‍ ഗേള്‍, എസ്‌കോര്‍ട്ട് കാലിക്കറ്റ് എന്നീ സൈറ്റുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പെണ്‍കുട്ടികള്‍ക്ക് മണിക്കൂറിന് 5000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നത്.
തട്ടിപ്പില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളില്‍ പോയി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയും ആഡംബര ജീവിതം നയിക്കുകയുമാണ് പ്രതികള്‍ ചെയ്തിരുന്നത്. നേരത്തെ കഞ്ചാവ് കൈവശം വെച്ച കേസില്‍ ശിക്ഷ അനുഭവിച്ച ഇരുവരും ജില്ലാ ജയിലില്‍വെച്ചാണ് പരിചയപ്പെടുന്നത്.

---- facebook comment plugin here -----

Latest