എലത്തൂരില്‍ സി പി എം, റിലീഫ് സെന്റര്‍ ഓഫീസുകള്‍ക്ക് തീയിട്ടു

Posted on: February 4, 2015 10:19 am | Last updated: February 4, 2015 at 10:19 am

കോഴിക്കോട്: എലത്തൂരില്‍ സി പി എം ഓഫീസിന് തീയിട്ടു. എലത്തൂര്‍ വെങ്ങാലി പാലത്തിന് സമീപം പുതിയനിരത്തെ സി പി എം ഓഫീസാണ് ഇന്നലെ പുലര്‍ച്ചെയോടെ അക്രമിച്ചത്.
നിര്‍ധന രോഗികളെ സഹായിക്കാന്‍ സി പി എം പ്രാദേശിക ഘടകം രൂപവത്ക്കരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി മെമ്മോറിയല്‍ റിലീഫ് സെന്ററിന്റെ ഓഫീസിനും തീയിട്ടിട്ടുണ്ട്. റിലീഫ് സെന്ററിന്റെ വാതിലും ജനാലയും കത്തിനശിച്ചു. എന്നാല്‍, ഓഫീസിനുള്ളിലേക്ക് തീ പടര്‍ന്നിട്ടില്ല.
ഇന്നലെ രാവിലെയോടെയാണ് ഓഫീസ് കത്തിയ നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടനെ എലത്തൂര്‍ പോലീസില്‍ വിവരമറിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. എലത്തൂര്‍ എസ് ഐ. കെ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പുതിയാപ്പയില്‍ നേരത്തെ സി പി എം- ബി ജെ പി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയനിരത്ത് സി പി എം ഓഫീസിന് നേരെയുണ്ടായ ആക്രമണമെന്നാണ് സംശയിക്കുന്നത്.