Connect with us

Kozhikode

തൂണേരി കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

Published

|

Last Updated

നാദാപുരം: തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം സി ആന്റണി റിമാന്‍ഡ് ചെയ്തു. ഇവരെ ജില്ലാ ജയിലിലേക്കയച്ചു. തെയ്യമ്പാടി ഇസ്മാഈല്‍ (28), തെയ്യമ്പാടി മുലീര്‍ (30), കാളിയപറമ്പത്ത് താഴെക്കുനി അസ്‌ലം (20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
നാദാപുരം ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, നാദാപുരം സി ഐ. എ എസ് സുരേഷ് കുമാര്‍, കുറ്റിയാടി സി ഐ ദിനേഷ് കോറോത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ അംഗങ്ങളുടെ സുരക്ഷയില്‍ എടച്ചേരി പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. പിന്നീട് കൊലനടന്ന വെള്ളൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊലനടത്തിയ രീതിയും എത്തിയ വഴിയും പ്രതികള്‍ പോലീസിന് കാട്ടിക്കൊടുത്തു. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ഇന്ന് നാദാപുരം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest