Connect with us

Ongoing News

ചരിത്രം കുറിച്ച് കേരളത്തിന് ടെന്നീസ് മെഡല്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് മത്സര വേദിയില്‍ ചരിത്രം കുറിച്ച് ടെന്നിസില്‍ കേരളത്തിന് ആദ്യ മെഡല്‍. കേരളത്തിന്റെ റെയ്‌നോള്‍ഡ് തിമോത്തിയും ഹാദിന്‍ ബാവയുമാണ് ആദ്യമെഡല്‍ സമ്മാനിച്ചത്. ടീം ഇനത്തില്‍— സെമിയില്‍ തമിഴ്‌നാട്— താരങ്ങളോടാണ് ഇരുവരും പരാജയപ്പെട്ടത്. ആദ്യ സിംഗിള്‍സില്‍ റെയ്‌നോള്‍ഡ് തമിഴ്‌നാടിന്റെ ജീവന്‍ നെടുഞ്ചൂഴിയനോട് 6-0, 6-1 എന്ന സെറ്റിന് പരാജയപ്പെട്ടു. രണ്ടാം സിംഗിള്‍സില്‍ ഹാദിന്‍ ബാവ തമിഴ്‌നാടിന്റെ ദേശീയ താരം ആര്‍ വി രാംകുമാറിനോടും പരാജയപ്പെട്ടതോടെ കേരളത്തിന് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഹാഡിന്റെ പ്രകടനം അഭിനന്ദനാര്‍ഹമായിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ഹാഡിന്‍ സലിം ബാവ രാംകുമാറിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 7-6, 6-4നാണ് രാംകുമാര്‍ വിജയം പൊരുതിനേടിയത്. ഇന്ത്യയ്ക്കുവേണ്ടി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഡേവിസ് കപ്പ് എന്നിവയില്‍ മല്‍സരിച്ചിട്ടുള്ള മൂന്നാംനമ്പര്‍ താരം രാംകുമാറിനെ വിറപ്പിച്ചശേഷമാണ് 19-ാം നമ്പര്‍ താരമായ ഹാദിന്‍ കീഴടങ്ങിയത്. ക്വാര്‍ട്ടറില്‍ കര്‍ണാടകയോടു മത്സരിച്ചു ജയിച്ചാണു കേരളം സെമിയിലെത്തിയത്. ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും കേരള ടീമിന്റെ പ്രകടനം മിന്നുന്നതു തന്നെയായിരുന്നു. ചരിത്രം സൃഷ്ടിച്ച ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താരങ്ങളും ആഹ്ലാദം പങ്കുവച്ചു. മഹാരാഷ്ട്രയെ തോല്‍പ്പിച്ച തെലങ്കാനയെയാണു തമിഴ്‌നാട് ഫൈനലില്‍ നേരിടുക. വനിതാ വിഭാഗത്തില്‍ ഗുജറാത്ത് – തെലങ്കാന ഫൈനല്‍.