Connect with us

National

പാര്‍ട്ടി ഫണ്ടിംഗ് അന്വേഷണത്തിന് എസ് ഐ ടി; ബി ജെ പിയും കോണ്‍ഗ്രസും സമ്മതിക്കണമെന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തങ്ങളടക്കം മൂന്ന് പ്രധാന പാര്‍ട്ടികളുടെ ഫണ്ടിംഗിനെ സംബന്ധിച്ച് സുപ്രം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘ (എസ് ഐ ടി)ത്തിന്റെ അന്വേഷണത്തിന് ബി ജെ പിയും കോണ്‍ഗ്രസും സമ്മതിക്കണമെന്ന് എ എ പി. അന്വേഷണത്തിന് സമ്മതം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കും കത്തുകളയക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത കൊണ്ടുവരാനാണ് ഇതെന്നും കെജ്‌രിവാള്‍ അറിയിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട അഞ്ചംഗ പ്രതിനിധി സംഘം സുപ്രീം കോടതിയെ ഇന്നലെ സമീപിക്കുമെന്ന് നേരത്തെ എ എ പി അറിയിച്ചിരുന്നു. ഇതിനിടെയാണ് പുതിയ തീരുമാനം. മോശം പ്രതിച്ഛായയുള്ള കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം എ എ പിക്ക് നേരെ ഉയര്‍ന്ന് ഒരു ദിവസം പിന്നിട്ടപ്പോഴാണ് പുതിയ തീരുമാനം. അതേസമയം, ഇക്കാര്യം ചൂണ്ടിക്കാട്ടി എ എ പിക്കെതിരെ ബി ജെ പി പുതിയ പരസ്യം നല്‍കി. നാല് കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപ എ എ പി കൈപ്പറ്റിയെന്ന് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപിരിഞ്ഞ എ എ പി വൊളണ്ടിയര്‍ ആക്ഷന്‍ മഞ്ച് എന്ന ഗ്രൂപ്പാണ് ആരോപിച്ചത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ഓരോ കമ്പനിയില്‍ നിന്ന് 50 ലക്ഷം രൂപ വീതം എ എ പി സ്വീകരിച്ചു. ബേങ്ക് ബാലന്‍സ് ഇല്ലാത്തതിനാല്‍ പണമായാണ് കമ്പനികല്‍ സംഭാവന നല്‍കിയത്. കമ്പനികളുടെ മേല്‍വിലാസങ്ങള്‍ വ്യാജമായിരുന്നെന്നും ഗ്രൂപ്പ് ആരോപിക്കുന്നു.
ഏത് സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണത്തിനും തയ്യാറാണെന്ന് എ എ പി മറുപടി നല്‍കി. എന്നാല്‍ കമ്പനികളുടെ ഉടമസ്ഥരെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉത്തരം നല്‍കില്ല. എല്ലാ സംഭാവനകളുടെ കണക്കും സുതാര്യമായി പ്രഖ്യാപിച്ച ഏക പാര്‍ട്ടിയാണ് എ എ പി. എല്ലാ ചോദ്യങ്ങളേയും സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണ്. ഈ സംഭാവനകളുടെ സമയമാണ് എ വി എ എം എന്ന ഗ്രൂപ്പ് ചോദ്യം ചെയ്തത്. അവ ഉടനെ വെബ്‌സൈറ്റില്‍ നല്‍കും. അടുത്ത ഏഴാം തീയതിക്ക് മുമ്പാകെ അന്വേഷണം നടത്താന്‍ സര്‍ക്കര്‍ ഉത്തരവ് നല്‍കട്ടെ. സി ബി ഐ, ഇ ഡി, ഐ ബി, പോലീസ് അല്ലെങ്കില്‍ സൈന്യം എന്നിവയെ കൊണ്ട് അന്വേഷിപ്പിക്കട്ടെ. തെറ്റ് ചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്ത് കൊള്ളട്ടെ. എ എ പി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.