Connect with us

National

ആധാര്‍: നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ വിഷയത്തില്‍ കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ആധാര്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ടുപോകേണ്ടതുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. ഫെബ്രുവരി പതിമൂന്നിനകം സര്‍ക്കാറിന്റെ നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്ത്, ജസ്റ്റിസ് എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് സോളിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനോട് ആവശ്യപ്പെട്ടത്.
ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത ഹരജിക്കാരന്‍ മാത്യു തോമസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രമഹ്മണ്യമാണ് ഹാജരായത്. ആധാര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മുഴുവന്‍ രാജ്യങ്ങള്‍ നിരോധിച്ചുകഴിഞ്ഞു. പദ്ധതിക്കു കീഴിലായി ശേഖരിച്ച വിവരങ്ങള്‍ പൂര്‍ണമായി നശിപ്പിക്കണം. രാജ്യത്തേക്ക് കുടിയേറുന്ന എല്ലാവര്‍ക്കും ആധാര്‍ ലഭിക്കുന്നതു വഴി സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്നു. പദ്ധതിയുടെ നേട്ടങ്ങളായി വിശദീകരിച്ചത് മുഴുവന്‍ പ്രഹസനമാണ്. നിയമഭദ്രതയില്ലാത്ത ആധാര്‍ വഴി നഷ്ടമാകുന്നത് പൊതുധനമാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.
പൗരാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ആധാറിന്റെ ഭരണഘടനാപരമായ കാലപരിധിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സര്‍ക്കാറിനോട് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ആധാര്‍ കര്‍ശനമാക്കുന്നതിനായി ബേങ്ക് ഏജന്‍സികളും ഇന്‍ഷ്വറന്‍സ് കമ്പനികളും സമ്മര്‍ദം ചെലുത്തുന്നതായി മാത്യൂ തോമസ് ആരോപിച്ചു. വിരലടയാളവും ഫോട്ടോയും ഉള്‍പ്പെടെ പന്ത്രണ്ട് അക്ക നമ്പറില്‍ തിരച്ചറിയാന്‍ സഹായിക്കുന്ന ആധാര്‍ 2009 ജനൂവരി 28 നാണ് പ്രാബല്യത്തില്‍ വന്നത്.

Latest