കലോല്‍സവത്തിലെ അപ്പീല്‍ പ്രളയം: ലൈറ്റ് ആന്‍ഡ് സൗണ്ട് കരാറുകാരന് ലക്ഷങ്ങളുടെ നഷ്ടം

Posted on: February 4, 2015 4:50 am | Last updated: February 3, 2015 at 11:52 pm

School Kalolsavam LOGO (Edited)കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നിറം കെടുത്തിയ അപ്പീല്‍ പ്രളയം ലൈറ്റ് ആന്‍ഡ് സൗണ്ടുകാരന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. 55 ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പ് തന്നെ താളംതെറ്റിച്ചു കൊണ്ടുള്ള അപ്പീലുകളുടെ തള്ളിക്കയറ്റം ശബ്ദവും വെളിച്ചവും ഒരുക്കിയ കരാറുകാരന്റെ ഏഴു ലക്ഷം രൂപയാണ് അപഹരിച്ചത്. മേളക്കായി ശബ്ദവും വെളിച്ചവും ഒരുക്കാന്‍ ഇരുപതു ലക്ഷം രൂപക്കാണ് താനൂര്‍ സ്വദേശിയായ ഉസ്മാന്‍ കരാറെടുത്തത്. എന്നാല്‍ മേള കഴിഞ്ഞതോടെ ഏഴു ലക്ഷം രൂപയാണ് ഉസ്മാന് ബാധ്യതയായത്. സമയക്രമം പാടെ തെറ്റിച്ചുകൊണ്ട് മേള പാതിരാ വരെ നീണ്ടു. പിന്നെയും തീരാതിരുന്ന മത്സരമാണ് ഉസ്മാന് പാരയായത്. നേരത്തെ നിശ്ചയിച്ചതിലേറെ സമയം നീണ്ടതോടെ ജനറേറ്റര്‍ സംവിധാനമുള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാനും മറ്റുമായാണ് അധികസംഖ്യ വേണ്ടിവന്നത്. സമയം നീണ്ടതോടെ ജീവനക്കാരെയും കൂടുതലായി ഉപയോഗപ്പെടുത്തേണ്ടി വന്നു.
17 വേദികളിലും അനുബന്ധമായി ഒരുക്കിയ സ്ഥലങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 300 തൊഴിലാളികളെയാണ് ശബ്ദ, വെളിച്ച ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. നേരത്തെ രണ്ട് ഷിഫ്റ്റായി ജീവനക്കാരെ ക്രമീകരിച്ചിരുന്നത് അപ്പീല്‍ മൂലം സമയം നീണ്ടതോടെ മൂന്ന് ഷിഫ്റ്റായി മാറ്റിയിരുന്നു. ഇതെല്ലാം നഷ്ടത്തിന് കാരണമായി.
മേളയില്‍ ഇത്തവണ 1445 പേരാണ് അപ്പീലുമായെത്തിയത്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷങ്ങളുമെത്തി. ഉസ്മാനും ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റിയും സര്‍ക്കാറിനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല. അനുബന്ധ രേഖകളെല്ലാം ഹാജരാക്കി വീണ്ടും വിദ്യാഭ്യാസ മന്ത്രിയെയും ഡി പി ഐയെയും സമീപിക്കാനിരിക്കുകയാണ് ഇവര്‍.
ഇത്തവണ അപ്പീലുകളെ നിരുത്സാഹപ്പെടുത്തുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നെങ്കിലും എല്ലാ നിയന്ത്രണങ്ങളും അവകാശവാദങ്ങളും അപ്രസക്തമാക്കിക്കൊണ്ടാണ് അപ്പീല്‍ പ്രളയമുണ്ടായത്. നഗരിയില്‍ മല്‍സരാര്‍ഥികള്‍ എത്തിത്തുടങ്ങും മുമ്പ് തന്നെ തുടങ്ങിയ അപ്പീലുകളുടെ പ്രവാഹം സമാപന ചടങ്ങ് വരെ വിശ്രമമില്ലാതെ തുടര്‍ന്നു. അപ്പീല്‍ പ്രളയത്തിനെതിരെ വലിയ ആക്ഷേപമാണ് ഇത്തവണ ഉയര്‍ന്നുവന്നത്. ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതോടൊപ്പം തന്നെ അപ്പീലുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് സമാപനചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.