Connect with us

Kerala

ക്യാഷ് ഓണ്‍ ഡെലിവറിയുമായി റെയില്‍വേയും

Published

|

Last Updated

പാലക്കാട്: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സാധനങ്ങള്‍ വീട്ടിലെത്തുമ്പോള്‍ പണം നല്‍കുന്ന കാലത്ത് റെയില്‍വേയും അതേ വഴിയിലൂടെ മുന്നോട്ട്. ട്രെയിന്‍ ടിക്കറ്റ് കൈപ്പറ്റിയ ശേഷം പണമടച്ചാല്‍ മതിയാകുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉപഭോക്താവ് നല്‍കുന്ന വിലാസത്തില്‍ ടിക്കറ്റെത്തും. ടിക്കറ്റ് കൈപ്പറ്റിയ ശേഷം പണമടച്ചാല്‍ മതി. ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബേങ്കിംഗും ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തവരെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനവുമായി രംഗത്തെത്തിയത്.

പ്രധാനമായും ഗ്രാമവാസികളെയാണ് ഈ സംവിധാനം ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഇരുനൂറ് നഗരങ്ങളിലാണ് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം അവതരിപ്പിക്കുക. യാത്രക്ക് അഞ്ച് ദിവസം മുമ്പ് വരെ ക്യാഷ് ഓണ്‍ ഡെലിവറി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓരോ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിനും നാല്‍പ്പത് രൂപയും എ സി ക്ലാസ് ടിക്കറ്റിന് അറുപത് രൂപയും അധിക ചാര്‍ജായി നല്‍കേണ്ടി വരും. ബുക്ക് ചെയ്ത് രണ്ടോ മൂന്നോ ദിവസത്തിനകം ടിക്കറ്റ് നിങ്ങള്‍ക്ക് ലഭിക്കും. ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ പണം ബേങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ചെക്ക് രൂപത്തിലോ മടക്കി നല്‍കും. ചെക്ക് രൂപത്തിലാണ് പണം മടക്കുന്നതെങ്കില്‍ തപാല്‍ ചാര്‍ജ് കൂടി ഉപഭോക്താവ് വഹിക്കേണ്ടിവരും. ബുക്ക് മൈ ട്രെയിന്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

Latest