Connect with us

International

ഗാസ യുദ്ധക്കുറ്റം: യു എന്‍ അന്വേഷണ ഏജന്‍സി തലവന്‍ രാജിവെച്ചു

Published

|

Last Updated

ജനീവ: ഗാസക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന യു എന്‍ അന്വേഷണ കമ്മീഷന്റെ തലവന്‍ വില്യം ഷാബാസ് രാജിവെച്ചു. തങ്ങളോട് പക്ഷപാതപരമായാണ് അദ്ദേഹം പെരുമാറുന്നതെന്ന് ഇസ്‌റാഈല്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് രാജി. അന്താരാഷ്ട്ര നിയമവിദഗ്ധനും കാനഡക്കാരനുമായ വില്യം, ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിക്ക് തന്റെ രാജിക്കത്ത് അയച്ചിട്ടുണ്ട്. ഫലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു(പി എല്‍ ഒ)മായി ബന്ധപ്പെട്ട 2012 ലെ തന്റെ ചില നിയമനടപടികളെ അടിസ്ഥാനമാക്കിയാണ് ഇസ്‌റാഈല്‍ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. താന്‍ രാജിവെക്കുകയാണെങ്കില്‍ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇദ്ദേഹത്തിന്റെ രാജിക്കത്ത് മനുഷ്യാവകാശ സമിതി സ്വീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന് കഴിഞ്ഞ ആറ് മാസക്കാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമിതി അദ്ദേഹത്തെ നന്ദി അറിയിക്കുകയും ചെയ്തു.
50 ദിവസം നീണ്ടുനിന്ന ഗാസ യുദ്ധത്തിനിടെ ഇസ്‌റാഈല്‍ നടത്തിയ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവ് ശേഖരിക്കുന്ന അവസാന ഘട്ടത്തിലാണ് ഇപ്പോള്‍ കമ്മീഷന്‍. ശേഷിക്കുന്ന നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരപരാധികളായ രണ്ടായിരത്തിലധികം ഫലസ്തീനികള്‍ ഇസ്‌റാഈല്‍ നടത്തിയ വിവേചനരഹിതമായ ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. 73 ഇസ്‌റാഈല്‍ സൈനികരും യുദ്ധത്തിനിടെ കൊല്ലപ്പെട്ടിരുന്നു.
അടുത്ത അധ്യക്ഷനെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത മാസമാണ് കമ്മീഷന്‍ സമര്‍പ്പിക്കുക. കഴിഞ്ഞ ആഗസ്റ്റിലാണ് ഇസ്‌റാഈല്‍ ഗാസക്കെതിരെയുള്ള യുദ്ധം അവസാനിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു വില്യമിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ചിരുന്നത്. യു എന്നിനെ സമീപിച്ച നടപടിയെയും യു എന്‍ അന്വേഷണത്തെയും ഇസ്‌റാഈല്‍ ശക്തമായി എതിര്‍ത്തിരുന്നു.
അതിനിടെ, ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണ കമ്മീഷന്‍ നേതൃസ്ഥാനം രാജിവെച്ച വില്യമിന്റെ നടപടിയെ ഇസ്‌റാഈല്‍ സ്വാഗതം ചെയ്തു.