Connect with us

International

താലിബാന്‍ ആക്രമണം: പാക്കിസ്ഥാനില്‍ ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

പെഷാവര്‍: പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് താലിബാന്‍ ഇന്നലെ നടത്തിയ രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ ആറ് പേര്‍ മരിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
മന്‍സിഹ്‌റ ജില്ലയിലുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്ന് പ്രദേശിക പോലീസ് മേധാവി ഇജാസ് ഖാന്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്ക് ശേഷം, കുറം നഗരത്തില്‍ ബോംബ് സ്‌ക്വാഡ് യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തില്‍ പെട്ട് നാല് ഉദ്യോഗസ്ഥര്‍ മരിച്ചു. പെഷാവറില്‍ നിന്ന് 200 കിലോമീറ്റര്‍ ദുരെ, വടക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ പ്രധാന നഗരമാണ് കുറം.
രണ്ട് ആക്രമണങ്ങളും തങ്ങള്‍ നടത്തിയതാണെന്ന് പാക്കിസ്ഥാനിലെ താലിബാന്‍ വക്താവ് മുഹമ്മദ് കുര്‍റാസാനി പറഞ്ഞു.
പാക് സര്‍ക്കാറിനെ അട്ടിമറിച്ച് തങ്ങളുടെ നിയമം നടപ്പാക്കാന്‍ പാക്കിസ്ഥാനിലെ താലിബാനും തീവ്രവാദി ഗ്രൂപ്പുകളും ഒരു ദശാബ്ദമായി രാജ്യത്തെ പിടിച്ചുലക്കുന്ന പോരാട്ടം നടത്തിവരികയാണ്.
പോലീസ്, സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ച് സുരക്ഷ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്നതിനെതിരെ മന്‍സിഹ്‌റ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കത്തുകള്‍ കഴിഞ്ഞ ദിവസം താലിബാന്‍ വിതരണം ചെയ്തിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ, കറാച്ചിയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം അജ്ഞാതര്‍ ഗ്രനേഡെറിഞ്ഞു. സംഭവം സ്‌കൂള്‍ പ്രവര്‍ത്തന സമയത്തല്ലാത്തതിനാല്‍ ആര്‍ക്കും പരിക്കില്ല. ഡിസംബര്‍ 16ന് പെഷാവറില്‍ താലിബാന്‍ 150 കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രാജ്യവ്യാപകമായി സ്‌കൂളുകളില്‍ പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Latest