‘വെറുപ്പ് മാനുഷിക ഭാവമല്ല, ദേഷ്യം വരുമ്പോള്‍ കണ്ണുകളടച്ച് സൗമ്യരാകുക’ : കെന്‍ജി ഗോട്ടോയുടെ ട്വീറ്റ് വൈറലാകുന്നു

Posted on: February 4, 2015 4:44 am | Last updated: February 3, 2015 at 10:48 pm

ISIL-TERRORISMടോക്യോ: ഇസില്‍ തീവ്രവാദികള്‍ തലയറുത്ത് കൊലപ്പെടുത്തുംമുമ്പ് ജപ്പാനീസ് പത്രപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ട് കുറിച്ച സമാധാന ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഗോട്ടോ കൊല്ലപ്പെട്ടത്. ‘നിങ്ങള്‍ക്ക് ദേഷ്യംവരികയോ ആക്രോശിക്കാന്‍ തോന്നുകയോ ചെയ്യുമ്പോള്‍ കണ്ണുകള്‍ അടച്ച് സൗമ്യരായി തുടരുക. ഇത് പ്രാര്‍ഥന പോലെയാണ്. വെറുക്കുക എന്നത് മാനുഷിക ഭാവമല്ല. വിധിന്യായം ദൈവത്തിന്റെ സാമ്രാജ്യമാണ്’. ഗോട്ടോ നാല് വര്‍ഷം മുമ്പാണ് ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത്. ഇത് എന്റെ അറബ് സുഹൃത്തുക്കള്‍ പഠിപ്പിച്ചതാണെന്നും 2010 സെപ്തംബര്‍ ഏഴിന് ജപ്പാനീസ് ഭാഷയില്‍ ഗോട്ടോ കുറിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷംമാത്രം 26,000 തവണയാണ് ഈ ജപ്പാനീസ് വാക്കുകള്‍ വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഗോട്ടോയെ ക്രൂരമായി കൊലപ്പെടുത്തിയ നടപടി ജപ്പാനില്‍ പ്രകോപനങ്ങള്‍ക്കും വികാരപ്രകടനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇത്തരം വൈകാരിക ഇടപെടലുകള്‍ നശീകരണപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കപ്പെടാമെന്ന് ഗോട്ടോയുടെ മാതാവ് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ഈ ദു:ഖം തീര്‍ച്ചയായും വെറുപ്പിന്റെ ചങ്ങല തീര്‍ക്കരുതെന്ന് ജുന്‍കോ ഇഷിദോ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗോട്ടോയെ കൊലപ്പെടുത്തുന്ന ദൃശ്യം ഇസില്‍ തീവ്രവാദികള്‍ പുറത്തുവിട്ടത്. ഗോട്ടോക്കൊപ്പം പിടികൂടിയ സുഹൃത്ത് ഹരുണ യുക്കാവയെ കൊലപ്പെടുത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് 47കാരനും സ്വതന്ത്രപത്രപ്രവര്‍ത്തകനുമായ ഗോട്ടോയെ കൊലപ്പെടുത്തുന്നത്.