Connect with us

Articles

കാശ്മീര്‍: ഗവര്‍ണര്‍ ഭരണവും സര്‍ക്കാര്‍ രൂപവത്കരണവും

Published

|

Last Updated

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ജമ്മുകാശ്മീരില്‍ സഖ്യകക്ഷി ചര്‍ച്ചകള്‍ ഇതുവരെയും പൂര്‍ണതയിലെത്തിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ട് സര്‍ക്കാര്‍ രൂപവത്കരണം മന്ദഗതിയിലാകുകയും പിന്നീട് ഗവര്‍ണര്‍ വോറെയുടെ ശിപാര്‍ശ പ്രകാരം രാഷ്രടപതി പ്രണാബ് മുഖര്‍ജി ഗവര്‍ണര്‍ ഭരണത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു.
മറ്റേതൊരു സംസ്ഥാനത്തിന്റെയും രാഷ്ടീയ ചുറ്റുപാടില്‍ നിന്നും വ്യത്യസ്തമായ സ്ഥിതിവിശേഷമാണ് കാശ്മീരിലേത്. ചരിത്രപരമായ കാരണങ്ങള്‍കൊണ്ടും ഭരണകൂടങ്ങള്‍ തുടര്‍ന്നുവന്ന വിവേചന നിലപാടുകള്‍ കൊണ്ടും എക്കാലത്തും വാര്‍ത്തകളില്‍ കാശ്മീര്‍ മുഖ്യ വിഭവമാണ്. വടക്കെ ഇന്ത്യയുടെ അങ്ങേയറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഭൂപ്രദേശത്തിനായി പാക്കിസ്ഥാനും ചൈനയും അവകാശവാദമുന്നയിക്കുന്നതും അതേ ചൊല്ലിയുള്ള തര്‍ക്കങ്ങളും മാധ്യമങ്ങളില്‍ എന്നും വാര്‍ത്തയാണ്. വിഘടനവാദികളും തീവ്രവാദികളും സൈനികാതിക്രമങ്ങളും ചേരുന്നതോടെ ശരാശരി കാശ്മീരിയുടെ ജീവിതം ദുസ്സഹമാകുകയാണ് പതിവ്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും സര്‍ക്കാറിന്റെ അലംഭാവവും ചേരുന്നതോടെ കാശ്മീര്‍ ഒന്നുകൂടെ അരക്ഷിതാവസ്ഥയിലായി. ഇതിന് പുറമെ ഭുമിശാസ്ത്രപരമായ പ്രത്യേകതകളും മാസങ്ങളോളം വ്യവഹാരങ്ങള്‍ നിഷ്‌ക്രിയമാക്കുന്ന കഠിനമായ തണുപ്പും. എല്ലാം ചേരുമ്പോള്‍ കാശ്മീരിന്റെ അരക്ഷിതാവസ്ഥ പൂര്‍ണമാകുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ മുന്‍നിര്‍ത്തിവേണം നിയമസഭാ തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയും വിശകലനം ചെയ്യാന്‍.
മുന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കോണ്‍ഗ്രസും ബി ജെ പിയും ഉള്‍പ്പെടെ നാല് പാര്‍ട്ടികളാണ് ശക്തമായി രംഗത്തുണ്ടായിരുന്നത്. പി ഡി പി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രിയായി മുഫ്തി മുഹമ്മദ് സഈദ് അവരോധിതനാകുമെന്നുമൊക്കെയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് കേട്ടിരുന്ന ചര്‍ച്ചകള്‍. പ്രചാരണ യോഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട വന്‍ ജനക്കൂട്ടം ഇത്തരം നിഗമനങ്ങള്‍ക്ക് കരുത്തേകി. പുഞ്ച് ജില്ലയില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പി ഡി പി ജല്‍സകളില്‍ പങ്കെടുക്കാന്‍ മലയിറങ്ങി വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിത്രം ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതിന്റെ സൂചനകളായി വിലയിരുത്തപ്പെട്ടു. താഴ്‌വരയെ കണ്ണീരിലാഴ്ത്തിയ വെള്ളപ്പൊക്കം നക്കിത്തുടച്ച പ്രദേശങ്ങളില്‍ പ്രളയബാധിതര്‍ക്ക് ദുരിതാശ്വസം എത്തിക്കുന്നതില്‍ പരാജയപ്പെട്ട നാഷനല്‍ കോണ്‍ഫറന്‍സിന്റെ നിരുത്തരവാദത്തിനെതിരെ വോട്ട് രേഖപ്പെടുത്തി പി ഡി പിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് യുക്തമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു പി ഡി പി. ഉമര്‍ അബ്ദുല്ലയെ ഉന്നംവെച്ച് കുടുംബവാഴ്ചക്കെതിരെ മിഷന്‍ 44 എന്ന പേരില്‍ ബി ജെ പിയും ശക്തമായി രംഗത്തുണ്ടായിരുന്നു. മോദിയുടെയും അമിത് ഷായുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഹിന്ദു ഭൂരിപക്ഷ മേഖലയായ ജമ്മുവില്‍ മാത്രമല്ല, ശ്രീനഗര്‍ ഭാഗങ്ങളിലും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഴുവന്‍ പ്രതീക്ഷകളും തെറ്റിച്ച് ഡിസംബര്‍ 25ന്റെ ഫലപ്രഖ്യാപനത്തില്‍ പി ഡി പി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭരിക്കാനാവശ്യമായ 44 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ കഴിഞ്ഞില്ല. 87 നിയമസഭ സീറ്റുകളില്‍ 28 സീറ്റുകളില്‍ പി ഡി പി വിജയിച്ചപ്പോള്‍ 25 സീറ്റുകളില്‍ ബി ജെ പിയും മുന്നിലെത്തി. മെഹ്ബൂബ മുഫ്തിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഭരണകക്ഷിയായ എന്‍ സി യെ 15 സീറ്റിലൊതുക്കാന്‍ കഴിഞ്ഞു. 2014 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട കോണ്‍ഗ്രസിനാകട്ടെ കിട്ടിയത് വെറും 12 സീറ്റും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതാവസ്ഥയിലാകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമുണ്ടായത്.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ ഷേഖ് അബ്ദുല്ലയുട നേതൃത്വത്തില്‍ രൂപം കൊണ്ട നാഷനല്‍ കോണ്‍ഫറന്‍സും 1998ല്‍ മുഫ്ത്തി മുഹമ്മദ് സഈദിന്റെ കാര്‍മികത്വത്തില്‍ സ്ഥാപിതമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് പ്രധാനമായും തിരഞ്ഞെടുപ്പ് പോരാട്ടം നടന്നിരുന്നത്. കോണ്‍ഗ്രസ് അധികാര ലബ്ധിക്കായി ഏതെങ്കിലും പാര്‍ട്ടിയോടൊപ്പം ചേര്‍ന്നതാണ് അടുത്തകാലത്തെ ചരിത്രമെങ്കിലും ഇത്തവണ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറില്‍ മൂന്നിലും ബി ജെ പി ജയിച്ചതും കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി ഭരണത്തിലേറിയതുമാണ് കാശ്മീരില്‍ പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ ഇക്കൊല്ലം ബി ജെ പിയെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ചതുഷ്‌കോണ പോരാട്ടത്തിലക്ക് ഇത്തവണ കാശ്മീര്‍ എത്തിയത്.
മൂന്ന് പ്രധാന റീജ്യനുകള്‍ കൂടിച്ചേര്‍ന്നതാണ് കശ്മീര്‍. അതില്‍ ജമ്മു റീജ്യനിലെ സീറ്റുകള്‍ അടിച്ചെടുക്കാന്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം പ്രയാസമില്ല. കാരണം 66 ശതമാനവും ഹിന്ദുക്കള്‍ വസിക്കുന്ന ഈ ഭൂപ്രദേശത്ത് ആര്‍ട്ടിക്കിള്‍ 370 പോലുള്ള വിവാദ വിഷയങ്ങളിലൂടെ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാവുന്നതേയുള്ളു. അതു തന്നെയാണ് പാര്‍ട്ടി പയറ്റിയതും. പൊതു തിരഞ്ഞടുപ്പ് വേളയില്‍ രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മതേതര വിരുദ്ധമായ പ്രകടനപത്രികയിറക്കി കളിച്ച അതേ കളി. എന്നാല്‍ കാശ്മീര്‍ വാലിയില്‍ അത്തരം തന്ത്രങ്ങളുമായി അധികം മുന്നോട്ടുപോയില്ല. കാരണം, താഴ്‌വാരയില്‍ 96 ശതമാനവും മുസ്‌ലിംകളായതുകൊണ്ട് നിലനില്‍പ്പിന്റെ ഭാഗമായി മുസ്‌ലിം സ്ഥാനാര്‍ഥികളെ ഇറക്കി കളിക്കുകയായിരുന്നു ബി ജെ പി. പക്ഷേ, കാശ്മീര്‍ ജനതക്ക് ബി ജെ പിയെ നന്നായി അറിയാവുന്നതുകൊണ്ടു ജനം കൈവെടിഞ്ഞു. അതോടെ ഫലം വന്നപ്പോള്‍ താഴ്‌വരയില്‍ ബി ജെ പിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. ലഭിച്ച 25 സീറ്റുകളാകട്ടെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവില്‍ നിന്നും. ഇതോടെ ഒരു കാര്യം വ്യക്തമായി. ജനം മതാത്മകമായി ചിന്തിക്കുന്നതിലും ജനത്തെ അങ്ങനെ വിശ്വസിപ്പിക്കുന്നതിലും രാഷ്ടീയ പാര്‍ട്ടികള്‍ വിജയിച്ചു. ഈ അവസ്ഥാവിശേഷം തുടരുന്ന കാലത്തോളം സമാധാനപരമായി ജിവിക്കാനുള്ള കാശ്മീരികളുടെ ചിരകാല സ്വപ്‌നം പൂവണിയാന്‍ പോകുന്നില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വലിയപാഠം.
ഭീകരവാദികളെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ ലക്ഷക്കണക്കിന് സൈനികരെയാണ് ഇന്ത്യന്‍ ഭരണകൂടം കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. തൊണ്ണൂറുകളില്‍ സൈനികര്‍ താണ്ഡവമാടിയ അര്‍ധരാത്രിയിലെ ഭീതിതമായ ഓര്‍മകള്‍ പോലും കെട്ടടങ്ങാത്ത മുസ്‌ലിം വീടുകളാണ് ഇന്നും കാശ്മീരിലുള്ളത്. വര്‍ഗീയമായി മുദ്രയടിച്ചാക്ഷേപിച്ച് പുറത്ത് നിര്‍ത്തുകയായിരുന്നു ഈ ജനവിഭാഗത്തെ. ഇവരെ കുറിച്ചിറങ്ങുന്ന “ഓഷ്യന്‍ ഓഫ് ടിയേര്‍സ്” പോലുള്ള ഡോക്യൂമെന്ററികള്‍ പോലും സംഘ്പരിവാര്‍ പ്രതിഷേധം കാരണം പ്രദര്‍ശനം നിരോധിച്ച് തടഞ്ഞുവെച്ച് സംവിധായകര്‍ക്കെതരിരെ കലാപങ്ങളുണ്ടാക്കിയതാണ് പോയകാല ചരിത്രം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പോലെയുള്ള കരിനിയമങ്ങള്‍ പ്രതീക്ഷയോടെ വളരുന്ന ഈ ജനതക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. സംശയാസ്പദമായി തോന്നുന്ന ആര്‍ക്കുനേരെയും വെടിയുതിര്‍ക്കാനുള്ള അധികാരം നല്‍കുന്ന ഈ കരാള നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. സ്ഥാനക്കയറ്റത്തിനും ധീരതാ അവാര്‍ഡുകള്‍ തട്ടിയെടുക്കാനും വേണ്ടി കാശ്മീരികള്‍ വേട്ടയാടപ്പെടുന്നതിന് അവസരമൊരുക്കുന്നതില്‍ ഈ നിയമത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ഒരു ദശകത്തിലേറെയായി അഫ്‌സ്പക്കെതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളക്കുനേരെ നമ്മുടെ ഭരണകൂടം കണ്ണടിക്കുകയാണ്. പുതിയ സര്‍ക്കാര്‍ ഇവ്വിഷയകമായി കനിയുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. കാരണം, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരു സര്‍ക്കാറില്‍ നിന്ന് കാശ്മീരികള്‍ക്ക് അനുഗ്രഹമായേക്കാവുന്ന വിധം ഒരു നിയമം ഭേദഗതി ചെയ്യുന്നത് അചിന്ത്യമാണ്. പി ഡി പി – ബി ജെ പി സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അഫ്‌സ് ഇപ്പോഴും തര്‍ക്കവിഷമായി തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പ്രസ്തുത നിയമം തുടച്ചുനീക്കാനുള്ള ആഹ്വാനവുമായി തിരഞ്ഞെടുപ്പ് വേളയില്‍ രംഗത്തെത്തിയിരുന്നുവെങ്കിലും കേന്ദ്രം വിസമ്മതിക്കുന്ന ഒന്നാണ് അഫ്‌സ്പ എന്ന പൂര്‍ണ ബോധ്യം ഇവിടുത്തെ ജനങ്ങള്‍ക്കുപോലുമുണ്ട്.
തെറ്റിദ്ധരിക്കപ്പെട്ട ഈ ജനത പലപ്പോഴും കടുത്ത വിവേചനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഒരു യുനിവേഴ്‌സിറ്റിയില്‍ ഉയര്‍ന്ന പഠനത്തിനായി എത്തിയ കാശ്മീരികള്‍ നേരിട്ട ദുരനുഭവം ഇതിനുദാഹരണമാണ്. ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ വിജയിച്ചതോടെ കാശ്മീര്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദം പ്രകടിപ്പിച്ചതാണത്രെ കാരണം. ഇതോടെ ഇവര്‍ ഇന്ത്യാവിരുദ്ധരും പാക്കിസ്ഥാന്‍ തീവ്രവാദികളുമായി! രൂക്ഷമായ മതാന്ധതയും അപരമത വിദ്വേഷവും ചേര്‍ന്നുള്ള തെറ്റായ പൊതുബോധത്തിന്റെ ജീവിക്കുന്ന ഇരകളാണ് ഈ നാട്ടുകാര്‍. ഇന്ത്യേതര രാജ്യങ്ങളെ കായിക മത്സരങ്ങളില്‍ പിന്തുണയ്ക്കുന്നത് അവരുടെ രാഷ്ടീയ നിലപാടുകളോടുള്ള ഐക്യദാര്‍ഢ്യമല്ല. കലയോടും കലാവിഷ്‌കാരങ്ങളോടുമുള്ള വേറിട്ട കാഴ്ചപ്പാടുകളാണ്. മറിച്ചാണെങ്കില്‍ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പിലും ക്രിക്കറ്റ് ലോകകപ്പിലും കേരളം മാത്രം ഉത്പാദിപ്പിച്ചത് ലക്ഷക്കണക്കിന് തീവ്രവാദികളേയും ദേശവിരുദ്ധരേയുമാണ് !
ഗാന്ധിജിയെക്കുറിച്ച് അരുന്ധതി റോയി നടത്തിയ പരാമര്‍ശം കാശ്മീരില്‍ നിന്നാണെങ്കില്‍ പ്രതികരണവും രോഷവും മറ്റൊരു വഴിക്കാകുമായിരുന്നു. കാരണം, ഇന്ത്യന്‍ ജനത കാശ്മീരിനെയും കാശമീരികളേയും കാണുന്നത് നിക്ഷിപ്ത താത്പര്യക്കാരായ മാധ്യമങ്ങള്‍ നല്‍കിയ വികല വാര്‍ത്തകളിലൂടെയാണ്. ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും നേരിടുന്ന കനത്ത വെല്ലുവിളികളും സുരക്ഷാ പ്രശ്‌നങ്ങളും മറച്ചുവെച്ചാണ് കാശ്മീരികള്‍ക്കു നേരെയുള്ള ദുരാരോപണങ്ങള്‍.
ഇതിനിടക്കാണ് ബി ജെ പി രാജ്യത്ത് തുടരുന്ന ജൈത്രയാത്രയുടെ തുടര്‍ച്ചയെന്നോണം പി ഡി പിയുമായി സഹകരിച്ച് അധികാരത്തിലേറാന്‍ ശ്രമം നടത്തുന്നത്. അതിന്റെ ഭാഗമായി അമിത് ഷാ അനുകൂലമായ നിരവധി പ്രസ്താവനകളിറക്കിയിരുന്നു. ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ വരെ നടന്നു. എന്നാല്‍ അഫ്‌സ്പ, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയ ചര്‍ച്ചകളിലുടക്കി സര്‍ക്കാര്‍ രൂപവത്കരണം നടന്നില്ല. തൂടര്‍ന്ന് ഗവര്‍ണര്‍ ഭരണത്തെ ചൊല്ലി നാഷനല്‍ കോണ്‍ഫറന്‍സും പി ഡി പിയും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി. എന്നാല്‍ ഈ പി ഡി പി- ബി ജെ പി സഖ്യം അധികാരത്തിലേറിയാല്‍ മുറിവുണങ്ങാത്ത കശ്മീര്‍ വീണ്ടും അശാന്തതയുടെ കയ്പ്പുനീര്‍ കുടിക്കേണ്ടി വരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ജമ്മുവില്‍ ബി ജെ പിയും ശ്രീനഗറില്‍ പി ഡി പിയും ശ്രദ്ധ കേന്ദ്രീകരിച്ച് കൃത്യമായ പക്ഷപാതിത്വത്തിലുടെ ഭരണം തുടര്‍ന്നാല്‍ വീണ്ടും കശ്മീരിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് സ്‌റ്റോറികളെഴുതേണ്ടിവരും. ഈ അവസ്ഥയോട് താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രപതി ഭരണം സ്വാഗതാര്‍ഹമാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതും ആശാസ്യമല്ല. കേന്ദ്രത്തില്‍ ബി ജെ പിയാണെന്നതും (ആറുമാസത്തിനിടെ ആറ് തവണ കാശ്മീര്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി) കാശ്മീരില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പി ഡി പി അധികാരത്തില്‍ വരുന്നില്ല എന്നതും കാശ്മീര്‍ പോലൊരു സംസ്ഥാനത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്.
നമ്മുടെ രാജ്യത്തിന്റെ ഭാഗവും അവിഭാജ്യഘടകമെന്ന് ഭംഗിക്കുവേണ്ടിയും അല്ലാതെയും പറയാറുമുള്ള കാശ്മീര്‍ ഇപ്പോള്‍ സത്വര നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രാഥമികമായി, ജനാഭിലാഷം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ശേഷിയുള്ള ഒരു ഭരണകൂടം നിലവില്‍ വരണം. അപൂര്‍ണമായ രാഷ്ട്രീയ വിധിയെഴുത്തായി മാസങ്ങളോളം കാശ്മീരിനെ അനിശ്ചിതാവസ്ഥയില്‍ തളച്ചിടുന്നത് അപകടകരമാണ്. രണ്ടാമതായി, അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് കാശ്മീരികളോടുള്ള കാഴ്ചപ്പാട് മാറുകയാണ് വേണ്ടത്. ഇന്ത്യക്കാരും ദേശക്കൂറുള്ളവരുമായ ഇവരെ പാകിസ്ഥാനികളായി മുദ്രയടിച്ചാക്ഷേപിക്കുന്ന നിലപാട് ഇന്ത്യന്‍ ഭരണകൂടവും അന്വേഷണ ഉദ്യോഗസ്ഥരും തിരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും തെറ്റായ ബോധനവും കാരണം വഴി പിഴച്ചുപോയ ന്യൂനപക്ഷം, കാശ്മീരിനെ മൊത്തം വിലയിരുത്താനുള്ള അളവുകോലാകരുത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ നാടുനീളെ ബഹിഷ്‌കരണത്തിനുള്ള ആഹ്വാനവുമായി വിഘടനവാദികള്‍ രംഗത്തെത്തിയെങ്കിലും ജനം അത് തള്ളിക്കളഞ്ഞതാണ് ഉയര്‍ന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്. കാശ്മീരികള്‍ ഇന്ത്യയോട് എന്തു ചെയ്തു എന്നതിനേക്കാള്‍ പ്രധാനമാണ് ഇന്ത്യന്‍ ഭരണകൂടം കാശ്മീരിനോട് എന്തു ചെയ്തു എന്നത്. പ്രതികരണങ്ങളെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ഭീതിയുടെ രാപ്പകലുകള്‍ മാത്രം നല്‍കുന്ന പ്രത്യേക സൈനികാധികാരം റദ്ദാക്കാന്‍ കേന്ദ്രം തയ്യാറാകണം. കാശ്മീരിന്റ പ്രത്യേക പദവി എടുത്തുകളയാനുള്ള ശ്രമങ്ങളില്‍ നിന്നും ഭരണകൂടം പിന്തിരിയേണ്ടതുണ്ട്. യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം വകവെച്ചു നല്‍കുന്ന ഒരു രാജ്യത്ത് കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളോടോ നിലപാടുകളോടോ വിയോജിക്കുമ്പോള്‍ അത് പാക്കിസ്ഥാന്‍ കൂറുകൊണ്ടാണെന്നും ഇന്ത്യാവിരുദ്ധ മനസ്സുകൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ഫാസിസ്റ്റ് ചിന്തയാണ്. ആര്‍ക്കും നിലപാടുകള്‍ പരസ്യമാക്കാം. അഭിപ്രായ പ്രകടനത്തിന് വിലക്കേതുമില്ല; നിയമങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് മാത്രം.
പ്രളയദുരിതവും നുഴഞ്ഞുകയറ്റവും അശാന്തമാക്കിയ ഈ മണ്ണില്‍ ശക്തമായൊരു ഭരണകൂടത്തിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍. കാര്യശേഷിയോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടമാണ് അധികാരത്തില്‍ വരേണ്ടത്. കൊടും തണുപ്പായതോടെ ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. കാര്‍ഗിലും ലേയും ഉള്‍ക്കൊള്ളുന്ന ലഡാക്ക് റീജ്യനിലിപ്പോള്‍ മൈനസ് പതിനേഴ് ഡിഗ്രിയാണ് താപനില. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടക്കുന്നു. ഇത്തരം നിരവധി പ്രതികൂലമായ സാഹചര്യങ്ങള്‍ക്കിടയില്‍ സഖ്യകക്ഷി ചര്‍ച്ചകള്‍ക്കുപകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷമകരമാണ്. എന്നാല്‍, പി ഡി പി-ബി ജെ പി സഖ്യം അധികാരത്തില്‍ വരുന്നത് കാശ്മീര്‍ ജമ്മു-ശ്രീനഗര്‍ എന്നിങ്ങനെ ഇരുഭാഗങ്ങളായി മാനസികമായിട്ടെങ്കിലും വിഭജിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭരണത്തിനിടയില്‍ പിന്തുണ പിന്‍വലിച്ച് ബി ജെ പി പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആരോപണവും ചില കോണുകളില്‍നിന്നുയരുണ്ട്. എന്‍ സിയും-പി ഡി പിയും തമ്മില്‍ ചര്‍ച്ചകള്‍ക്കുപോലും സാധ്യതയില്ലെന്നിരിക്കെ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വീണ്ടും ചെന്നെത്തുന്നത് പി ഡി പി – ബി ജെ പി സഖ്യചര്‍ച്ചയിലേക്കുതന്നെയാണ്. അങ്ങനെയാണെങ്കില്‍ തികച്ചും മതേതരമായ, വിവേചനരഹിതമായ, പക്ഷപാതിത്വമില്ലാത്ത ഒരു ഭരണകൂടത്തിന്റെ സദ്ഭരണമാണ് കാശമീരികള്‍ ആഗ്രഹിക്കുന്നത്. അതിനായി ഇരു രാഷ്ട്രീയ പാര്‍ട്ടികളും വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടിവരും.

---- facebook comment plugin here -----

Latest