Connect with us

Editorial

സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കുമ്പോള്‍

Published

|

Last Updated

മാഥൂര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1984ലെ സിഖ്‌വിരുദ്ധ കലാപത്തെക്കുറിച്ചു പുനരന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനവും പ്രത്യേക അന്വേഷണ സംഘ രൂപവത്കരണവും നടന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ആം ആദ്മി, ബി ജെ പി, അകാലിദള്‍ തുടങ്ങിയ കക്ഷികള്‍ ഈ വംശീയ കലാപത്തെക്കുറിച്ചു അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പുനരന്വേഷണം ആവശ്യമാണോ എന്ന് പഠിക്കാന്‍ റിട്ട. ജഡ്ജി ജെ പി മാഥൂര്‍ അധ്യക്ഷനായി മോദി സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചത്. കോടതിയില്‍ എത്താതിരുന്ന 225 ഓളം കേസുകളില്‍ പുനരന്വേഷണം ആവശ്യമാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച പോലീസ് രാഷ്ട്രീയ സമ്മര്‍ദം മൂലം സുപ്രധാന തെളിവുകളും സാക്ഷിമൊഴികളും അവഗണിച്ച് അന്വേഷണം അവസാനിപ്പിച്ചതായി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് കണ്ടെത്തിയ മാഥൂര്‍ സമിതി, പോലീസ് കേസ് അവസാനിപ്പിച്ചതിന് ശേഷം കോടതിയില്‍ എത്താതിരുന്ന കേസുകളിലാണ് പുനരന്വേഷണത്തിന് നിര്‍ദേശിച്ചത്.
മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് തൊട്ടുപിറകെയാണ് സിഖ് വിരുദ്ധ കലാപം അരങ്ങേറിയത്. സിഖുകാരായ രണ്ട് അംഗരക്ഷകരായിരുന്നു ഇന്ദിരാഗാന്ധിക്ക് നേരെ നിറയൊഴിച്ചത്. ഖാലിസ്ഥാനെന്ന സ്വതന്ത്ര സിഖ് രാജ്യത്തിനായി പ്രക്ഷോഭം നടത്തിയ കലാപകാരികളെ നേരിടാന്‍ ഇന്ദിര സര്‍ക്കാര്‍ നടത്തിയ “ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി” നുള്ള പ്രതികാരമായാണ് ഈ കൊലയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ സിഖുകാരുടെ പുണ്യകേന്ദ്രമായ അമൃത്‌സറിലെ സുവര്‍ണക്ഷേത്രം ആക്രമിക്കപ്പെട്ടത് സിഖ് സമുദായത്തിന്റെ രോഷത്തിന് ഇടയാക്കിയിരുന്നു. അന്നത്തെ സൈനിക ഇടപെടലില്‍ കലാപകാരികളും തീര്‍ത്ഥാടകരുമടക്കം നൂറുകണക്കിന് സിഖ് സമുദായക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
1984 ഒക്ടോബര്‍ 31നാണ് ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചത്. തൊട്ടടുത്ത ദിവസം സിഖുകാര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് ദിവസങ്ങളിലായി അരങ്ങേറിയത്. കലാപത്തില്‍ മൂവ്വായിരത്തിലേറെ സിഖുകാര്‍ വധിക്കപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം തന്നെ 20,000 ഓളം പേര്‍ ഡല്‍ഹി വിട്ട് ഓടിപ്പോയിട്ടുണ്ട്. ആയിരത്തോളം പേര്‍ക്ക് വീടുള്‍െപ്പടെ സകലതും നഷ്ടപ്പെട്ടതായി “പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്” നടത്തിയ പഠനം കാണിക്കുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആസൂത്രിതമായി നടത്തിയ വംശീയ കലാപമാണിതെന്നാണ് സിഖുകാരും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും വിലയിരുത്തുന്നത്.
കലാപത്തെക്കുറിച്ചു നിരവധി അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. 2005 ആഗസ്ത് 5ന് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍, എച്ച് കെ എല്‍ ഭഗത് എന്നിവര്‍ക്കും അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന എസ് സി ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി വെക്കേണ്ടി വന്നു. പിന്നീട് സി ബി ഐ ജഗദീഷ് ടൈറ്റ്‌ലറെയും കോടതി സജ്ജന്‍ കുമാറിനെയും കുറ്റ വിമുക്തരാക്കിയിരുന്നു. പുനരന്വേഷണത്തില്‍ ജഗദീഷ് ടൈറ്റ്‌ലര്‍ക്കും സജ്ജന്‍ കുമാറിനുമെതിരെയുള്ള കേസുകള്‍ ഉള്‍പ്പെടുമെന്നാണറിയുന്നത്.
സിഖ് വിരുദ്ധ കലാപത്തില്‍ പുനരന്വേഷണം ആവശ്യമാണെങ്കിലും, ഡല്‍ഹി തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ ഇക്കാര്യം വെളിപ്പെടുത്തിയതിലെ രാഷ്ട്രീയ ലാക്ക് വ്യക്തമാണ്. കഴിഞ്ഞ ഡിസംബറില്‍ മാത്തൂര്‍ സമിതിയെ നിയോഗിക്കുമ്പോള്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ പാനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിപ്പിച്ചതും, അതിന്മേല്‍ തുടര്‍നടപടി പ്രഖ്യാപിച്ചതും സിഖ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബി ജെ പി തന്ത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്. ഇത്തരം വളഞ്ഞ വഴിയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് അനഭിലഷണീയമാണ്.
പുനരന്വേഷണത്തിലൂടെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതിനടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍, നീതി തേടുന്ന ഗുജറാത്ത് വംശഹത്യയുടെ കാര്യത്തിലും സത്യസന്ധമായ പുനരന്വേഷണം ആവശ്യമാണ്.സ്വതന്ത്ര ഇന്ത്യ കണ്ട ഭീകരമായ വംശീയ ഹത്യകളിലൊന്നായിരുന്നു ഗുജറാത്ത് കലാപവും. ആയിരക്കണക്കിന് നിരപരാധികളാണ് അന്ന് നിഷ്ഠൂരമായി വധിക്കപ്പെട്ടത്. മോദി സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയുണ്ടായി. നേരത്തെ യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ക്ക് പുറമെയാണിത്. ഈ സഹായത്തിന് ഗുജറാത്ത് കലാപത്തിലെ ഇരകളുടെ കുടുംബങ്ങളും അര്‍ഹരല്ലേ?