Connect with us

Gulf

നിനച്ചിരിക്കാതെ അവര്‍ക്ക് സഹായമെത്തി; മര്‍കസ് സാരഥികളിലൂടെ

Published

|

Last Updated

ദമാം: ജുബൈലിലെ തൊഴില്‍ശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട രണ്ട് ഉത്തരേന്ത്യന്‍ കുടുംബങ്ങള്‍ക്ക് ജീവിതത്തണലെത്തിയത് മര്‍കസിന്റെ വഴിത്താരയില്‍. ജുബൈലിലെ എഡ്‌കോ കമ്പനിയില്‍ അഗ്നിബാധയെ തുടര്‍ന്ന് മരിച്ച യു പി സ്വദേശികളായ രണ്ട് യുവാക്കളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക കരകാണാകടലിനപ്പുറത്ത് നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നഷ്ടപരിഹാരം വിധിച്ചിട്ടും ഇത് എത്തിക്കാനാകാതെ കമ്പനി അധികൃതര്‍ പ്രയാസപ്പെടുമ്പോഴാണ് ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മര്‍കസ് സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സമീപിക്കുന്നത്.
മര്‍കസിന്റെ ഉത്തരേന്ത്യയിലെ വിവിധ കമ്മിറ്റികള്‍ മുഖേനെ പണം കൈമാറാന്‍ മര്‍കസ് ഡയറക്ടര്‍ എ പി അബ്ദുല്‍ ഹകീം അസ്ഹരിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൈമാറി. അപകടത്തില്‍ മരിച്ച ഉത്തര്‍പ്രദേശ് ലക്‌നോ സ്വദേശിയായ ധര്‍മേന്ദ്ര കുമാര്‍ ഭര്‍തി (24), മുംബൈ സ്വദേശിയായ മന്ദുസിംഗ് ഹരിനാരായണ്‍ (32) എന്നിവരുടെ കുടുംബങ്ങളെ കണ്ടെത്തി കമ്പനിയില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരിഹാരത്തുക യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സമാജ് വാദി പാര്‍ട്ടിയധ്യക്ഷന്‍ മൂലായം സിംഗ് യാദവിനെയും ഏല്‍പ്പിച്ചു. ഇരുവരും മര്‍കസ് സാരഥികളുടെ സാന്നിധ്യത്തില്‍ തുക ആശ്രിതര്‍ക്ക് കൈമാറി.
ജുവൈബല്‍ എഡ്‌കോ എന്‍വയണ്‍മെന്റല്‍ ഡെവലപ്‌മെന്റ് കമ്പനിയില്‍ 2012 ഡിസംബര്‍ 26നാണ് അഗ്നിബാധയുണ്ടായത്. വെല്‍ഡിംഗിനിടെ ഡീസല്‍ ടാങ്കില്‍ തീപ്പൊരി വീണ് പൊട്ടിത്തെറിക്കുകയാരുന്നു. തീപ്പിടിത്തത്തെ തുടര്‍ന്ന് അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് എഡ്‌കോ കമ്പനി അമ്പതിനായിരം റിയാല്‍ വീതമുള്ള നഷ്ടപരിഹാരതുക പ്രഖ്യാപിച്ചരുന്നു. എന്നാല്‍, അപകടത്തില്‍പ്പെട്ട മറ്റു രാജ്യക്കാരുടെ കുടുംബങ്ങള്‍ക്കുള്ള തുക എംബസികള്‍വഴി കൈപ്പറ്റിയെങ്കിലും ഇന്ത്യക്കാരായ ഇരകളുടെ ബന്ധുക്കള്‍ക്ക് ആശ്വാസതുക ഏറ്റുവാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പണം കൈമാറുന്നതിന് കണ്ണിയായി പ്രവര്‍ത്തിച്ചത് ഐ സി എഫ് നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍കരീം ഖാസിമിയാണ്.