ബംഗ്ലാദേശില്‍ ബസിന് നേരെ ബോംബാക്രമണം; ഏഴ് മരണം

Posted on: February 3, 2015 10:42 pm | Last updated: February 3, 2015 at 10:42 pm

bomb blastധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ ബസിന് നേരെ നടത്തിയ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബംഗ്ലാദേശില്‍ മുഴുവന്‍ യാത്രക്കാരും ഉറങ്ങിക്കൊണ്ടിരിക്കെയാണ് ബസില്‍ പ്രക്ഷോഭകാരികള്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയത്. റിസോട്ട പട്ടണമായ കോക്‌സ് ബസാറില്‍ നിന്നും ധാക്കയിലേക്ക് വരികയായിരുന്ന പ്രാദേശിക ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനം ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്ന് കരുതപ്പെടുന്നു.
നിരവധി യാത്രക്കാര്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകനും പരിക്ക് പറ്റിയവരില്‍ ഉള്‍പ്പെടുന്നു.
ഒരു മാസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഇതുവരെ 52 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിലേറെയും ബസുകളിലും ലോറികളിലും നടത്തിയ ആക്രമണങ്ങള്‍ക്ക് ഇരകളായവരാണ്.
പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ഖാലിദ സിയയെ പിന്തുണക്കുന്നവര്‍ ആക്രമണങ്ങളഴിച്ചുവിടുന്നത്.
ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെയെല്ലാം അടിച്ചമര്‍ത്തുമെന്ന് കഴിഞ്ഞ ആഴ്ച ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി എന്‍ പി ആക്രമണം അഴിച്ചുവിട്ടത്.
ബോംബാക്രമണത്തിനു പിന്നില്‍ പരിക്ക് പറ്റിയ ബി എന്‍ പി പ്രവര്‍ത്തകനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.