Connect with us

Ongoing News

കേരളം: ഫുട്‌ബോള്‍ സെമിയിലേക്ക്

Published

|

Last Updated

കോഴിക്കോട്: സ്വര്‍ണപ്രതീക്ഷകളുമായി കേരളം ഫുട്‌ബോള്‍ സെമിയിലേക്ക്. പൊരുതിക്കളിച്ച തമിഴ്‌നാടിനെ അധിക സമയത്തിന്റെ അവസാന മിനുട്ടില്‍ നേടിയ ഗോളില്‍ മറികടന്നാണ് കേരളത്തിന്റെ വിജയം.
കളിതീരാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ ജോബി ജസ്റ്റിന്‍ നല്‍കിയ ക്രോസ് പറന്നെത്തി സുഹൈര്‍ മനോഹരമായി ഹെഡ് ചെയ്ത് വലക്കുള്ളിലാക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരെന്ന് കരുതിയ തമിഴ്‌നാട് തുടക്കം മുതല്‍ ഉണര്‍ന്ന് കളിച്ച മത്സരത്തില്‍ ഇരുഭാഗത്തേക്കും പന്തു കയറിയിറങ്ങി. ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ച നാട്ടുകര്‍ക്ക് മുന്നില്‍ പ്രതിരോധ നിരയില്‍ കോട്ടകാത്ത വഹീദ് സാലിയാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. തമിഴ്‌നാടിന്റെ നിരവധി അവസരങ്ങളാണ് വഹീദ്‌സാലിയില്‍ തട്ടിതെറിച്ചത്. കേരളത്തിന്റെ മുന്നേറ്റത്തോടെയായിന്നു കളിയുടെ തുടക്കം. 34 ാം മിനുട്ടില്‍ പരുക്കേറ്റ് ക്യാപ്റ്റന്‍ ശിബിന്‍ലാലിന് പകരം ജിജോ ജോസഫിനെ കേരളം കളത്തിലിറങ്ങി. ഉടന്‍ തന്നെ ജിജോ ജോസഫ് സുഹൈര്‍ സഖ്യം ആസൂത്രിമായി തമിഴ്‌നാട് പോസ്റ്റിനടുതെത്തിയെങ്കിലും ഫലം കണ്ടില്ല. 35 ാം മിനുട്ടില്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് സുഹൈര്‍ എടുത്ത ബുള്ളറ്റ്‌ഷോട്ട് തമിഴ്‌നാട് ഗോള്‍കീപ്പര്‍ മണികണഠന്‍ കുത്തിയകറ്റുകയായിരുന്നു. 44 ാം മിനുട്ടിലാണ് ആദ്യമായി കേരള ഗോളിയെ തമിഴ്‌നാട് പരീക്ഷിച്ചത്.
ഇടവേളക്ക് ശേഷം കൂടുതല്‍ കരുത്ത് കാണിച്ച തമിഴ്‌നാടിനെതിരെ കേരളം പലപ്പോഴും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു.
62 ാം മിനുട്ടിലും 63 ാം മിനുട്ടിലും സുഹൈര്‍-ജോണ്‍സണ്‍ സഖ്യം ഗോളിനായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അവസാന മിനുട്ടുകളില്‍ ഇരുടീമുകളും പൊരുതികളിച്ചതോടെ ഇരുപോസ്റ്റുകളിലേക്കും പന്തെത്തി. നിറഞ്ഞ ഗ്യാലറിയുടെ ആവേശത്തിലേക്ക് അവസാന മിനുട്ടിലാണ് സുഹൈറിന്റെ മനോഹരമായ ഗോളെത്തിയത്.
കേരളത്തിന്റെ അടുത്ത മത്സരം നാളെ ഗോവക്കെതിരെയാണ്. ഇന്ന് രാവിലെ ഏഴിന് പശ്ചിമ ബംഗാളും സര്‍വീസസും രാത്രി ഏഴിന് പഞ്ചാബും മിസ്സോറാമും തമ്മില്‍ ഏറ്റുമുട്ടും.

Latest