Connect with us

Ongoing News

ഷൂട്ടിംഗിലും ഡൈവിംഗിലും സുവര്‍ണ നേട്ടം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മൂന്നാം ദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമുള്‍പ്പെടെ നാല് മെഡലുകള്‍ കൂടി നേടിയ കേരളം മെഡല്‍ പട്ടികയില്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി നാലാമതെത്തി. സ്വര്‍ണക്കൊയ്ത്തില്‍ ബഹുദൂരം മുന്നേറിയ സര്‍വീസസ് പതിനാറ് സ്വര്‍ണവും രണ്ട് വെള്ളിയുമുള്‍പ്പെടെ 26 മെഡലുകളുമായി ഹരിയാനയെ പിന്തള്ളി ഒന്നാമതെത്തി. പതിനഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയുമടക്കം 26 മെഡലുകളുമായി ഹരിയാനായാണ് രണ്ടാം സ്ഥാനത്ത്. പത്ത് സ്വര്‍ണവും പതിനഞ്ച് വെള്ളിയുമുള്‍പ്പെടെ 32 മെഡലുകളോടെ മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമടക്കം ഇരുപത് മെഡലുകളുമായി മധ്യപ്രദേശിനെ മറികടന്നാണ് കേരളം നാലാം സ്ഥാനത്തേക്ക് കടന്നത്.

ഷൂട്ടിംഗിലും ഡൈവിംഗിലുമാണ് കേരളത്തിന്റെ ഇന്നത്തെ സുവര്‍ണ നേട്ടം. ഭാരോദ്വഹനത്തിലാണ് വെള്ളി ലഭിച്ചത്. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ടെന്നീസിലെ മെഡല്‍ പട്ടികയില്‍ കേരളത്തിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു. സെമിഫൈനലില്‍ തമിഴ്‌നാടിനോട് തോറ്റ പുരുഷ ടീമാണ് കേരളത്തിന് വെങ്കല മെഡല്‍ സമ്മാനിച്ചത്. ഡൈവിംഗില്‍ മഹാരാഷ്ട്ര സ്വദേശി പി സിദ്ധാര്‍ഥിലൂടെയാണ് കേരളം അഞ്ചാം സ്വര്‍ണം നേടിയത്. പത്ത് മീറ്റര്‍ ഹൈബോള്‍ ഡൈവിംഗില്‍ മീറ്റ് റെക്കോര്‍ഡ് പ്രകടനത്തോടെയാണ് സിദ്ധാര്‍ഥ് സ്വര്‍ണം സ്വന്തമാക്കിയത്. ഷൂട്ടിംഗ് ചരിത്രത്തിലും ആദ്യമായാണ് കേരളം സ്വര്‍ണം വെടിവച്ചിടുന്നത്. എലിസബത്ത് സൂസന്‍ കോശിയിലൂടെയാണ് കേരളത്തിന്റെ ഈ സുവര്‍ണ നേട്ടം. അമ്പത് മീറ്റര്‍ റൈഫിള്‍സ് പ്രോണിലായിരുന്നു സ്വര്‍ണം. 618.5 പോയിന്റാണ് എലിസബത്ത് നേടിയത്. നാല് റൗണ്ട് വരെ ലീഡ് ചെയ്ത തമിഴ്‌നാടിന്റെ മീനാകുമാരി 617.8 പോയിന്റ് നേടി വെള്ളി സ്വന്തമാക്കി. അവസാന റൗണ്ടില്‍ എലിസബത്ത് നടത്തിയ കുതിപ്പാണ് കേരളത്തിന് ചരിത്ര സ്വര്‍ണം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ എലിസബത്തിന് ഫൈനല്‍ യോഗ്യത ലഭിച്ചിരുന്നില്ല.
പുരുഷന്മാരുടെ ഭാരോദധ്വഹനം 85 കിലോഗ്രാം വിഭാഗത്തില്‍ മലപ്പുറം തിരുന്നാവായ സ്വദേശിയായ സി വി ഫജറു നാസിക്കാണ് കേരളത്തിനു വേണ്ടി വെള്ളി ഉയര്‍ത്തിയത്.

Latest