Connect with us

Kerala

ദേശീയ ഗെയിംസ്: സംഘാടക സമിതിയില്‍ ഭിന്നത രൂക്ഷം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിലെ വീഴ്ചകളെ ചൊല്ലി സര്‍ക്കാര്‍- സംഘാടക സമിതി തലത്തിലെ ഭിന്നത മറനീക്കുന്നു. നടത്തിപ്പില്‍ പാളിച്ചകളുണ്ടായെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണും ഉദ്ഘാടന ചടങ്ങില്‍ ചെലവഴിക്കേണ്ട തുക നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാറാണെന്ന് ചൂണ്ടിക്കാട്ടി ഗെയിംസ് സി ഇ ഒ ജേക്കബ് പുന്നൂസും രംഗത്തുവന്നു. ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാലും സംഘവും അവതരിപ്പിച്ച ലാലിസത്തെക്കുറിച്ച് മാത്രമാണ് പരാതി ഉയര്‍ന്നതെന്നാണ് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിശദീകരണം. വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തില്‍ ഗെയിംസ് കഴിഞ്ഞാലുടന്‍ കണക്കുകള്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ വകുപ്പ് മന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സമാപന ചടങ്ങിന്റെ ചെലവ് കുറയ്ക്കാനും മന്ത്രി ആവശ്യപ്പെട്ടു. ലാലിസത്തിനായി ചെലവഴിച്ച പണം സര്‍ക്കാറിലേക്ക് തിരിച്ചടയ്ക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും.
ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിപ്പിലെ വീഴ്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ധൂര്‍ത്തുണ്ടായെന്നും പരിപാടികള്‍ ക്രമീകരിച്ചതില്‍ പിഴവുകള്‍ സംഭവിച്ചെന്നും ചീഫ് സെക്രട്ടറി തുറന്നുപറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് ഒന്നര മണിക്കൂറില്‍ കൂടുതല്‍ പാടില്ലായിരുന്നു. പ്രസംഗവും ഉപഹാര സമര്‍പ്പണവുമൊന്നും ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പാടില്ലാത്തതാണ്. വിശിഷ്ടാതിഥികള്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചതില്‍ വരെ പിഴവ് സംഭവിച്ചു. ഉദ്ഘാടന ചടങ്ങിനായി പതിനഞ്ച് കോടി ചെലവഴിച്ചത് വളരെ കൂടുതലാണ്. വേണ്ടത്ര റിഹേഴ്‌സല്‍ നടത്താതെ പരിപാടി അവതരിപ്പിച്ചതിനെയും ചീഫ് സെക്രട്ടറി വിമര്‍ശിച്ചു. ചുണ്ടനക്കി പാട്ടുപാടിയെന്ന വിമര്‍ശത്തിന് ഇടവന്നത് റിഹേഴ്‌സലിന്റെ കുറവാണ്. ഇത്തരം വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെന്നും ചീഫ് സെക്രട്ടറി തുറന്നടിച്ചു.
ചീഫ് സെക്രട്ടറിയുടെ വിമര്‍ശങ്ങളെല്ലാം സാധൂകരിക്കും വിധമായിരുന്നു ഗെയിംസ് സി ഇ ഒ ജേക്കബ് പുന്നൂസിന്റെ പ്രതികരണം. ഉദ്ഘാടന ചടങ്ങിനായി എത്ര പണം ചെലവഴിക്കണമെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതല്ല. സര്‍ക്കാറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 2007ല്‍ താന്‍ ചുമതലയേല്‍ക്കും മുമ്പ് തയ്യാറാക്കിയ പതിനഞ്ച് കോടിയെന്ന നിര്‍ദേശം തന്നെ സര്‍ക്കാറിന് മുന്നിലെത്തുകയും അത് തന്നെ അംഗീകരിക്കപ്പെടുകയുമായിരുന്നു. വേണ്ടത്ര റിഹേഴ്‌സല്‍ നടക്കാതെ പോയത് സ്റ്റേഡിയം നിര്‍മാണം വൈകിയതു കൊണ്ടാണ്. 26നാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. റിഹേഴ്‌സലിനായി ലഭിച്ചത് നാല് ദിവസവും. ആ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപരിപാടി ഇതായതും പോരായ്മയായെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ യോഗത്തിന് പിന്നാലെയാണ് സമാപന സമ്മേളനത്തിലെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഗെയിംസ് കഴിഞ്ഞാലുടന്‍ കണക്കുകള്‍ ഓഡിറ്റിംഗ് നടത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഗെയിംസ് നടത്തിപ്പിനെ വിമര്‍ശിച്ച ചീഫ് സെക്രട്ടറിയുടെ നടപടിയിലും മന്ത്രിക്ക് അമര്‍ഷമുണ്ട്. മന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് പറയാതെ പറയുകയും ചെയ്തു. അതേസമയം, ഗെയിംസ് കഴിഞ്ഞ് 45 ദിവസത്തിനകം സി എ ജിയോ ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് വിഭാഗമോ കണക്കുകള്‍ പരിശോധിക്കണമെന്നത് നിയമപരമായ നടപടിക്രമത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗെയിംസ് നടത്തിപ്പിനെ ചൊല്ലി ഉദ്യോഗസ്ഥരില്‍ നിന്നുതന്നെ വിമര്‍ശം ഉയര്‍ന്നത് സര്‍ക്കാറിന് തലവേദനയായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാലും സംഘവും അവതരിപ്പിച്ച ലാലിസമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.