തണ്ണീര്‍ത്തട ദിനവും വിസ്മൃതിയില്‍

Posted on: February 3, 2015 12:17 pm | Last updated: February 3, 2015 at 12:18 pm

മണ്ണാര്‍ക്കാട്: ഒരു തണ്ണീര്‍ത്തട ദിനം കൂടി ആരുമറിയാതെ കടന്നുപോയി. പ്രകൃതി സംന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന തണ്ണീര്‍ത്തടങ്ങളായ നെല്‍ വയലുകള്‍, കുളങ്ങള്‍, പുഴകള്‍, ചതുപ്പുകള്‍, കായലുകള്‍ എന്നിവ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നത്തിന് ലോക വ്യാപകമായി യുനസ്‌കോ അംഗീകരിച്ച വേള്‍ഡ് വെറ്റ്‌ലാന്റ്‌സ് ഡെയാണ് ആരാരും ശ്രദ്ധിക്കപ്പെടാതെ ഇന്നലെ കടന്നുപോയത്.
നെല്‍ വയലുകള്‍ വ്യാപകമായി നികത്തപ്പെടുകയും പുഴകളും കുളങ്ങളും ചതുപ്പുകളുമെല്ലാം കയ്യേറ്റംമൂലം നാശോന്മുകമായികൊണ്ടിരിക്കുന്ന് സമയത്താണ് ഏറെപ്രാധാന്യമുളള ദിനമായിട്ടും ലോക തണ്ണീര്‍ത്തട ദിനം വിസ്മൃതിയിലായത്.സംസ്ഥാനത്ത് 2014ല്‍ ശരാശരി 203 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 216 സെ.മീ മഴലഭിച്ചിരുന്നു. എന്നാല്‍ 2013ല്‍ കേരളം അഭിമുഖീകരിച്ച വരള്‍ച്ചയെക്കാള്‍ രൂക്ഷമായിരിക്കും 2015ലെ വര്‍ഷത്തെ വരള്‍ച്ചയെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ 65 ശതമാനം മേഖലയും ശക്തമായ വരള്‍ച്ചയുടെ പിടിയിലമരും.
23 ശതമാനം നേരിയ വരള്‍ച്ച നേരിടുമ്പോള്‍ വെറും 10ശതമാനം മാത്രമാണ് വരള്‍ച്ചയില്ലാത്ത മേഖലയായി കണക്കാക്കിയിട്ടുളളത്. കൂടാതെ 2ശതമാനം മേഖല കൊടും വരള്‍ച്ചയുടെ പിടിയിലുമാകുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയുടെ 4ശതമാനം മേഖല കൊടും വരള്‍ച്ചയുടെ പിടിയിലാകുമെന്നാണ് വിലയിരുത്തുന്നത്.
സര്‍ക്കാറിന്റെ ഭാഗത്ത്‌നിന്ന് ശക്തമായ നടപടിയില്ലാത്തതും നിയമങ്ങള്‍ ഉദാരവത്ക്കരിക്കുന്നതും അശാസ്ത്രീയമായ വികസന -നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തണ്ണീര്‍ത്തടങ്ങളുടെയും ജലസ്രോതസ്സുകളുടെയുമെല്ലാം നാശത്തിനിടയാക്കുന്നുണ്ട്. വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്നതും കുന്നുകള്‍ ഇടിച്ച് നിരത്തുന്നതും പ്രകൃതിയുടെ സംന്തുലിതാവസ്ഥയെ തകിടം മറിക്കാന്‍ ഇടയാക്കുന്നുണ്ട്. നഗരവികസനത്തിന്റെ പേരില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി വന്‍തോതിലാണ് വയുകള്‍ നികത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. ഇതോടൊപ്പം കുന്നിടിച്ച് നിരത്തലും വ്യാപകമായിട്ടുണ്ട്. പ്രകൃതിയുടെ കനിവില്‍ മഴയേറെ ലഭിക്കുന്നുണ്ട്. എങ്കിലും അവ സംരക്ഷിച്ചു നിര്‍ത്തുവാന്‍ പ്രകൃതിയൊരിക്കിയിരുന്ന തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തുന്നത് സംസ്ഥാനത്തിന്റ ജലലഭ്യത വന്‍തോതില്‍ കുറയുവാനിടയാക്കുന്നുണ്ട്.
ഒരു സെന്റ് സ്ഥലത്ത് ഒരുലക്ഷം ലിറ്റര്‍ മഴവെളളം സംഭരിക്കുമെന്നാണ് കണക്ക്. പ്രകൃതിയെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ട ബാധ്യത ഏറ്റെടുക്കാത പക്ഷം ലോകം വന്‍ ജലക്ഷാമത്തിലേക്ക് മൂക്കുകുത്തുമെന്നാണ് വിലയിരുത്തുന്നത്.