Connect with us

Malappuram

സി പി എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരെ സി പി ഐ

Published

|

Last Updated

തിരൂര്‍: സി പി എമ്മിന്റെ വല്ല്യേട്ടന്‍ മനോഭാവത്തിനെതിരെ സി പി ഐ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. സമ്മേളന പ്രതിനിധികള്‍ക്ക് നല്‍കിയ അച്ചടിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ 30, 31 പേജുകളിലാണ് സി പിഎമ്മിനെതിരെ പരസ്യ വിമര്‍ശനമുള്ളത്. ജനതാദള്‍ മുന്നണി വിടാനും ആര്‍ എസ് പി കൂറുമാറാനും ഇടയായത് മുന്നണിയെ നയിക്കുന്ന സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഭിന്നിപ്പല്ല, യോജിപ്പാണ് ഇടതു പാര്‍ട്ടികള്‍ക്ക് വേണ്ടത്. അല്ലെങ്കില്‍ ബംഗാളിലെ ദുരനുഭവമായിരിക്കും നേരിടുക. തീവ്ര ഇടത് സംഘടനകളെ മുന്നണിയിലേക്ക് അടുപ്പിക്കണം. എന്നാല്‍ മാത്രമെ ഇന്നത്തെ സാഹചര്യത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ സാധിക്കുകയുള്ളൂ. പഴഞ്ചന്‍ സമര രീതികളെ കൈയൊഴിയേണ്ട സമയമായെന്ന മുന്നറിയിപ്പും സി പി ഐ നല്‍കുന്നുണ്ട്. സെക്രട്ടേറിയറ്റ് മാര്‍ച്ചും കലക്ടറേറ്റ് ഉപരോധവും പഴഞ്ചന്‍ സമരമുറകളാണെന്ന് വിശദീകരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് പുതിയ തലമുറയെ മുന്നണിയിലേക്കും പാര്‍ട്ടിയിലേക്കും ആകര്‍ഷിക്കുവാനുളള സമരരീതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ത്തുന്നു. ഇടത് പക്ഷത്തിന്റെ പല സമരങ്ങളിലും സി പി എമ്മിന് വഴങ്ങേണ്ടി വരുന്ന നിലപാടാണ് സി പി ഐ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചതെന്ന വിമര്‍ശനവും പ്രതിനിധികളില്‍ നിന്നും ഉയര്‍ന്നു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുളള സമരമുറയാണ് ബദല്‍ രീതിയായി മുന്നോട്ടുവെക്കുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കാനാകാത്തത് സമരമുറകളിലെ പഴഞ്ചന്‍ സമീപനത്തിന്റെ ഭാഗമായാണെന്ന വിമര്‍ശനവും കേരളത്തിലെ ഇടതുമുന്നണി ശക്തമായ പ്രതിസന്ധിയെ നേരിടുകയാണെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇടതുമുന്നണിയിലെ ഇടിച്ചിലിന്റേയും മുരടിപ്പിന്റേയും പ്രക്രിയ നേരത്തെ തുടങ്ങിയതാണെന്നും 2014ല്‍ ഇത് ഭീകരമായി പ്രകടമാക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം വളരെ നേരത്തെ തന്നെ സി പി ഐ മുന്നണിക്കകത്ത് വ്യക്തമാക്കിയിരുന്നെങ്കിലും സി പി എം നിഷേധിക്കുകയായിരുന്നു.
ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉത്സാഹമില്ലായ്മയും ആത്മവിശ്വാസക്കുറവും വ്യാപകമായത് മുന്നണിയുടെ അടിത്തറ തന്നെ തകര്‍ക്കുന്ന തരത്തിലായിരുന്നു. മുന്നണിയില്‍ സംഭവിക്കുന്നതിനെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണാന്‍ തയ്യാറാകണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി പി ഐ ജില്ലയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്നും അഭിപ്രാമുയര്‍ന്നു. പ്രതിനിധി സമ്മേളനം വി ഉണ്ണികൃഷ്ണന്‍ നഗറില്‍ സി പി ഐ ദേശീയ സമിതി അംഗം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. പ്രതിനിധ സമ്മേളനം ഇന്നും തുടരും. സമ്മേളനത്തിന്റെ സമാപന ദിനമായ ഇന്ന് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കും. നിലവിലെ സെക്രട്ടറി പി പി സുനീര്‍ തുടരാന്‍ പ്രയാസം അറിയിച്ചിട്ടുണ്ടെങ്കിലും സുനീറിനെ നിലനിര്‍ത്താനാണ് സാധ്യത.

Latest