Connect with us

Wayanad

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്: സി പി എം മാര്‍ച്ചും പ്രതിഷേധ ജ്വാലയും ആറിന്

Published

|

Last Updated

കല്‍പ്പറ്റ: ജില്ലക്ക് അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആറിന് പ്രതിഷേധ മാര്‍ച്ച് നടത്തി കല്‍പ്പറ്റ നഗരത്തില്‍ പ്രതിഷേധ ജ്വാല ഉയര്‍ത്തുമെന്ന് സിപി എം കല്‍പ്പറ്റ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു ഡി എഫ് സര്‍ക്കാരിന്റെ ജനവഞ്ചന തിരിച്ചറിയുക, മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ചും ജ്വാലയും. ആറിന് പകല്‍ രണ്ടിന് കല്‍പ്പറ്റ ഏരിയയിലെ പഞ്ചായത്ത് കേന്ദ്രങ്ങളായ മുട്ടില്‍, കമ്പളക്കാട്, കോട്ടത്തറ, പിണങ്ങോട്, മേപ്പാടി, മൂപൈനാട്, നഗരസഭയിലെ മുണ്ടേരി, കെഎസ്ആര്‍ടിസി ഗ്യാരേജ് പരിസരം എന്നിവിടങ്ങളില്‍നിന്നും മാര്‍ച്ച് ആരംഭിക്കും. വൈകിട്ട് 4.30ന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് മാര്‍ച്ചുകള്‍ സംഗമിച്ച് പ്രതിഷേധ ജ്വാല തെളിയ്ക്കും. രാഷ്ട്രിയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
2012-ലെ ബജറ്റിലാണ് സര്‍ക്കാര്‍ വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. വയനാടിനൊപ്പം പത്തനംതിട്ടയിലെ കോന്നി, മലപ്പുറത്തെ മഞ്ചേരി, കാസര്‍കോട്ടെ ബദിയടുക്ക, ഇടുക്കി എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ചേരിയിലും ഇടുക്കിയിലും മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു. കോന്നിയിലും കാസര്‍കോട്ടും കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്. വയനാട്ടില്‍ 2014 ജനുവരിയില്‍ തറക്കല്ലിടുമെന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാരിന്റെ ഒടുവിലത്തെ വാഗ്ദാനം. എന്നാല്‍ 2015 ജനുവരി പിന്നിട്ടിട്ടും പ്രാരംഭ നടപടികള്‍പോലും പൂര്‍ത്തിയാക്കിയില്ല.
പ്രശ്‌നത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ മൗനം വെടിയണം. ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ യഥാസമയം പൂര്‍ത്തീകരിച്ചതായി കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിട്ടുള്ള ഭൂമി ഉപാധിരഹിതമായി ഏറ്റെടുക്കണം. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യുസെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ട്രസ്റ്റിന് സ്ഥലത്തെ മരം മുറിക്കാന്‍ നല്‍കിയ അനുവാദം റദ്ദാക്കണം.
സര്‍ക്കാര്‍ മരംമുറിച്ചുമാറ്റി മെഡിക്കല്‍ കോളേജിന് കെട്ടിടം നിര്‍മിക്കണം. ബാക്കിയുള്ള ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണം. ജില്ലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങളില്ലാത്തതനാല്‍ ദിനംപ്രതി ജീവനുകള്‍ പൊലിയുകയാണ്. ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയിലടക്കം ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തീക ഭദ്രത ജില്ലയിലെ ഭൂരിഭാഗത്തിനും ഇല്ല. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.
സി പി ഐ എം നേതൃത്വത്തിലുള്ള സമരം വയനാടിനോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെയുള്ള ജനമുന്നേറ്റമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി എം ഡി സെബാസ്റ്റിയന്‍, എം മധു, പി എം നാസര്‍, പി എം സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.