Connect with us

Sports

മിസോറാമിന് വിജയത്തുടക്കം

Published

|

Last Updated

കോഴിക്കോട്: വംഗനാടിന്റെ കേളി മികവിനെ തച്ചുടച്ച് ദേശീയ ഗെയിംസില്‍ നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ മിസോറാമിന്റെ തേരോട്ടം. മികച്ച ഒത്തിണക്കവും കുറുകിയ പാസും അതിവേഗ നീക്കവുമായി കളം നിറഞ്ഞ് കളിച്ച മിസോറാം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബംഗാളിനെ മുട്ടുകുത്തിച്ചത്.
ക്യാപ്റ്റന്‍ ഡേവിഡ് ലാല്‍ റിന്‍ മുആനയും ലാല്‍ ദമ്പുയയുമാണ് സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ മുഖമായ നോര്‍ത്ത് ഈസ്റ്റേന്‍ മേഖലയില്‍ നിന്നുള്ള മിസോറാമിന് മുമ്പില്‍ ബംഗളാള്‍ ശരിക്കും തപ്പിത്തടയുകയായിരുന്നു. ശ്രദ്ധേയമായ ഒരു മുന്നേറ്റം പോലും നടത്താന്‍ അവര്‍ക്കായില്ല. മിസോ സ്‌ട്രൈക്കര്‍മാര്‍ ഫിനിഷിംഗില്‍ വരുത്തിയ ചില പാളിച്ചകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തോല്‍വിയുടെ ഭാരം ഏറുമായിരുന്നു.
കളി അവസാന മിനുട്ടിലെത്തിയപ്പോഴേക്കും ഓടിത്തളര്‍ന്ന ബംഗാള്‍ നിരയെയാണ് ഗ്രൗണ്ടില്‍ കണ്ടത്.കളിയുടെ തുടക്കം മുതല്‍ തന്നെ മിസോ സ്‌ട്രൈക്കര്‍മാര്‍ ബംഗാള്‍ ഗോള്‍ മുഖത്തേക്ക് ഇരച്ച് കയറുകയായിരുന്നു. രണ്ടാം മിനുട്ടില്‍ തന്നെ ബോക്‌സിന് സമീപത്തുവെച്ച് ഫ്രീകിക്കും തുടരെ കോര്‍ണറുകളും ഇവര്‍ക്ക് അനുകൂലമായി ലഭിച്ചു. കളിയുടെ 14-ാം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും വലത് വിംഗിലൂടെ രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് പന്തുമായി കുതിച്ച ലാല്‍ റിന്‍ മുആന ഓടിക്കയറിയ ഗോളിക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിടുകയായിരുന്നു. ഒരു ഗോള്‍ വീണിട്ടും ബംഗാള്‍ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നില്ല. എന്നാല്‍ രണ്ട് മിനുട്ടിനകം തന്നെ ലീഡ് ഉയര്‍ത്താന്‍ തുടരെ അവസരങ്ങള്‍ മിസോറാമിന് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 28-ാം മിനുട്ടില്‍ മിസോറാമിന്റെ റോഹ്മിംഗ്തഗ നല്‍കിയ ബോക്‌സിനുള്ളില്‍ നിന്നും തളികയില്‍ എന്ന പോലെ നല്‍കിയ പാസ് ഗോളി മാത്രം മുന്നിലിരിക്കെ സോറാംമത്‌റ പുറത്തേക്കടിച്ചു.
ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ സമാനമായ മുന്നേറ്റം ഉണ്ടായെങ്കിലും ബംഗാള്‍ ഗോളി രാജു ഗാംഗുലി രക്ഷകനായി. ആദ്യ പകുതിയില്‍ തീര്‍ത്തും നിറം മങ്ങിയ ബംഗാള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി. ഇവയെല്ലാം ബോക്‌സിനുള്ളില്‍ അവസാനിച്ചു. ബോക്‌സിന് സമീപം പാസുകള്‍ സ്വീകരിക്കുന്നതില്‍ ബംഗാള്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴക്കുകയായിരുന്നു. കളിയുടെ 56-ാം മിനുട്ടില്‍ മിസോറാമിന് തുടരെ രണ്ട് അവസരം ലഭിച്ചെങ്കിലും ഗോളി ഗാംഗുലിയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. 72-ാം മിനുട്ടില്‍ ലാല്‍ ദമ്പുയ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സോറാംതറ എടുത്ത ഫ്രീകിക്ക് ആല്‍ബര്‍ട്ട് ഇടത് വിംഗില്‍ നിന്ന ലാല്‍ ദമ്പുയക്ക് കൈമാറി. ഓടിയെത്തിയ ഗോളിയെയും ഒരു ഡിഫന്‍ഡറെയും ബോക്‌സിലെ കൂട്ട പ്പൊരിച്ചിലിനിടെ മറികടന്ന് ലാല്‍ ദമ്പുയ പന്ത് വലയിലെത്തിക്കുകയായിരുന്നു. കളിയുടെ അവസാന മിനുട്ടില്‍ ഒരു ഗോള്‍ മടക്കാന്‍ ബംഗാളിന് അവസരം ലഭിച്ചെങ്കിലും തനോമി കുണ്ടു ഗോളി മാത്രം മുന്നിലിരിക്കെ പന്ത് പുറത്തേക്കടിക്കുകയായിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബിന് വിജയ തുടക്കം. കരുത്തരായ സര്‍വീസസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് തകര്‍ത്തത്. സ്‌കോര്‍ സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. പൊരുതിക്കളിച്ച സര്‍വീസസിനെതിരെ ഒത്തിണക്കത്തോടെ കളിച്ചാണ് വിജയം കരസ്ഥമാക്കിയത്.
കളിയുടെ 36-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ രവീന്ദര്‍ സിംഗാണ് പഞ്ചാബിന്റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. രവീന്ദര്‍ സിംഗ് ബോക്‌സിന് 20 വാരെ അകലെ നിന്ന് എടുത്ത ഫ്രീകിക്ക് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ തുളച്ച് കയറി (1-0). 40 മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ആസൂത്രണം ചെയ്ത നീക്കമാണ് പഞ്ചാബിന്റെ രണ്ടാം ഗോളില്‍ കലാശിച്ചത്. പൂള്‍ ബിയില്‍ നിര്‍ണായക മൂന്ന് പോയിന്റ് നേടിയ പഞ്ചാബിന്റെ അടുത്ത മത്സരം നാളെ മിസോറാമിനെതിരെയാണ്.