Connect with us

Sports

വനിതാ ഹോക്കി: കേരളത്തിന് തോല്‍വി

Published

|

Last Updated

കൊല്ലം: വനിതകളുടെ ഹോക്കി മത്സരത്തിലും കേരളത്തിന് തോല്‍വി. കേരളത്തെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഒഡീഷ അടിയറവ് പറയിപ്പിച്ചു. ഒഡീഷക്ക് വേണ്ടി നീല്‍ശോജിത, അംബികോ സോഫോ, മൗലിയാദവ് ഗോള്‍ നേടി. ആദ്യപകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളും പിറന്നു. ഫിനിഷിംഗിന്റെ പോരായ്മയാണ് കേരളത്തിന് വിനയായത്. കഴിഞ്ഞ ദിവസം നടന്ന പുരുഷ വിഭാഗം ഹോക്കിയിലും കേരളത്തിന് നാണം കെട്ട തോല്‍വിയാണ് നേരിടേണ്ടി വന്നത്.
രാവിലെ നടന്ന മറ്റൊരു മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ പഞ്ചാബിന് ജയം (2-1). അതേ സമയം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഹാരാഷ്ട്ര ഉത്തര്‍പ്രദേശിനെ അടിയറവ് പറയിപ്പിച്ചു.
മികച്ച പരിശീലനത്തിലൂടെ കളിക്കളത്തിലിറങ്ങിയ പഞ്ചാബിന്റെ താരങ്ങള്‍ക്ക് മുന്നില്‍ ഝാര്‍ഖണ്ഡ് നടത്തിയ മുന്നേറ്റങ്ങളും നീക്കങ്ങളുമെല്ലാം പാഴാവുകയായിരുന്നു. അളന്നുമുറിച്ച നീക്കങ്ങളിലൂടെ രണ്ട് തവണ പന്ത് ലക്ഷ്യസ്ഥാനത്തിലെത്തിച്ച് പഞ്ചാബ് മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. പഞ്ചാബിനാകട്ടെ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. ആദ്യപകുതിയുടെ 16-ാം മിനുട്ടില്‍ ഝാര്‍ഖണ്ഡിന്റെ മൂന്നാം നമ്പര്‍ താരം എത്വാരിയാണ് പെനാള്‍ട്ടി കോര്‍ണറിലൂടെ പഞ്ചാബിന്റെ നെറ്റ് ചലിപ്പിച്ചത്. (1-0).
കളിയുടെ 36-ാം മിനുട്ടിലും 48-ാം മിനുട്ടിലുമാണ് ഝാര്‍ഖണ്ഡിനെതിരെ പഞ്ചാബ് രണ്ട് ഗോളുകള്‍ നേടിയത്. 11 -ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ അനുരാധാ തോക്ക്‌ഹോം, ആറാം നമ്പര്‍ കളിക്കാരി റീനാ റാണി എന്നിവരാണ് പഞ്ചാബിന് വേണ്ടി ഗോളുകള്‍ നേടിയത്. രണ്ട് ഗോളുകള്‍ വീണതോടെ പൊരുതിക്കളിച്ച ഝാര്‍ഖണ്ഡിന് സ്‌കോര്‍ നില ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒട്ടേറെ ഇന്റര്‍നാഷനല്‍ താരങ്ങളുമായാണ് പഞ്ചാബ് കളിക്കളത്തിലറങ്ങിയത്. മഹാരാഷ്ട്രക്ക് വേണ്ടി 34–ാം മിനുട്ടില്‍ ജമീല ബാനോയും 53-ാം മിനുട്ടില്‍ കവിതയും 66-ാം മിനുട്ടില്‍ 1റിജുതാകുമാറുമാണ് ഗോള്‍ നേടിയത്. വിരസമായ ആദ്യപകുതി അവസാനിക്കാന്‍ 20 സെക്കന്‍ഡ് മാത്രം ബാക്കിയിരിക്കെയാണ് മഹാരാഷ്ട്രയുടെ ജമീല ആദ്യഗോള്‍ നേടിയത്. ഹരിയാനയും കര്‍ണാടകയും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ഒമ്പത് ഗോളുകള്‍ക്ക് ഹരിയാന വിജയിച്ചു. ഇന്ന് മത്സരമില്ല. നാളെ നടക്കുന്ന പുരുഷ വിഭാഗം ഹോക്കി മത്സരത്തില്‍ ഝാര്‍ഖണ്ഡ് ഒഡീഷ്യയെയും കേരളം ഉത്തര്‍ പ്രദേശിനെയും ഹരിയാന സര്‍വീസസിനെയും കര്‍ണാടക പഞ്ചാബിനെയും നേരിടും.