Connect with us

Sports

ഗുസ്തിയില്‍ പൊന്നുപോലൊരു വെങ്കലം

Published

|

Last Updated

കണ്ണൂര്‍: ദേശീയ ഗെയിംസ് ഗുസ്തിയില്‍ ഒരു വ്യാഴവട്ടത്തിന് ശേഷം കേരളത്തിന് നേട്ടം. 75 കിലോ ഫ്രീ സ്റ്റൈലില്‍ കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫാണ് വെങ്കലം നേടി അഭിമാനമായത്. 13 വര്‍ഷത്തിന് ശേഷം ഇതാദ്യമാണ് കേരളത്തിനു ഗുസ്തിയില്‍ മെഡല്‍നേട്ടം. ഇതിന് മുമ്പ് 1999ലും 2002ലും ജാസ്മിന്‍ ജോര്‍ജ് ആണ് കേരളത്തിന് വെങ്കലം നേടി തന്നത്.
99ല്‍ മണിപ്പൂര്‍ ദേശീയ ഗെയിംസില്‍ 68 കിലോ വിഭാഗത്തിലാണ് കോട്ടയത്തെ ജാസ്മിന്‍ ജോര്‍ജ് വെള്ളിയും 2001ല്‍ ജലന്ധറില്‍ ഇതേ വിഭാഗത്തില്‍ വെങ്കലവും നേടിയത്. ആദ്യ റൗണ്ടില്‍ മധ്യപ്രദേശിന്റെ ഷര്‍മ അശ്വിനിയുമായി ഏറ്റുമുട്ടിയ അഞ്ജു നാല് പോയിന്റ് കരസ്ഥമാക്കി എതിരാളിയെ മലര്‍ത്തിയടിച്ച് വിജയം കരസ്ഥമാക്കി.
തുടര്‍ന്നു മഹാരാഷ്ട്രയുടെ സ്‌നേഹാല്‍ ബജ്രയുമായി മത്സരിച്ച് ആറ് പോയിന്റ് നേടി അഞ്ജുമോള്‍ വെങ്കലം നേടുകയായിരുന്നു. കോട്ടയം ഈരാറ്റുപേട്ടയിലെ കിളിരംപറമ്പ് സ്വദേശികളായ ജോസഫ് – സിനി ദമ്പതികളുടെ മകളാണ് അഞ്ജുമോള്‍. വി ആര്‍ ഗിരിധര്‍ ആണ് അഞ്ജുവിന്റെ കോച്ച്.
നേരത്തെ മുന്‍ മെഡല്‍ ജേതാവ് ജാസ്മിന്‍ ജോര്‍ജ്ജായിരുന്നു കോച്ച്. കോട്ടയം സി എം എസ് കോളജിലെ ബികോം വിദ്യാര്‍ഥിനിയാണ് ഈ പതിനെട്ടുകാരി. ഓള്‍ ഇന്ത്യ ഇന്റര്‍വാഴ്സ്റ്റിയില്‍ നടന്ന ഗുസ്തിമത്സരത്തിലും 2012ല്‍ നടന്ന സബ് ജൂനിയര്‍ മത്സരത്തിലും അഞ്ജു വെങ്കലം കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിന് വേണ്ടി ഇന്നലെ മത്സരിച്ച മറ്റുള്ളവരെല്ലാം മെഡല്‍ നേടാനാവാതെ കീഴടങ്ങി. 61 കിലോ ഫ്രീ സ്റ്റൈലില്‍ ധനേഷ് ഹരിയാനയുടെ സോനുവുമായി പൊരുതി തോറ്റു. ബാബു ഷാന്തിനി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒടുവില്‍ പഞ്ചാബിന്റെ കൗര്‍ ജസ്പ്രീതിനോട് കീഴടങ്ങി.
58 കിലോ ഫ്രീസ്റ്റൈലിലാണ് മത്സരിച്ചത്. 98 കിലോ ഗ്രീക്കോറോമന്‍ മത്സരത്തില്‍ ജോസഫ് സ്റ്റെബിന്‍ പഞ്ചാബിന്റെ സുനിലിനോട് പൊരുതിത്തോറ്റു. 86 കിലോ ഫ്രീസ്‌റ്റൈലില്‍ കേരളത്തിന്റെ കെ എസ് സുബിന്‍ യു പിയുടെ അമിത് കുമാറിനോട് പരാജയം ഏറ്റുവാങ്ങി. 71 കിലോ ഗ്രീക്കോറോമന്‍ മത്സരത്തില്‍ എസ് സഞ്ജീവും ഝാര്‍ഖണ്ഡിലെ സിംഗുമായി മത്സരിച്ച് പരാജയപ്പെട്ടു. കഴിഞ്ഞ തവണ റാഞ്ചിയില്‍ നടന്ന ഗെയിംസില്‍ ഗുസ്തിയില്‍ കേരളം മെഡല്‍ പട്ടികയില്‍ ഇടം നേടിയിരുന്നില്ല. ഇത്തവ അഞ്ജുമോളിലും സപ്‌നയിലും മജീത്തയിലുമാണ് കേരളം മെഡല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്.
മജീത്ത ആദ്യ ദിനത്തില്‍ ആദ്യ മത്സരത്തിലെ ആദ്യ റൗണ്ടില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് മെഡല്‍ നേടാനാവാതെ കീഴടങ്ങുകയായിരുന്നു. വരുന്ന മത്സരത്തില്‍ കൊല്ലം സ്വദേശിനി സപ്‌നയിലാണ് കേരളത്തിന്റെ അടുത്ത വിജയ പ്രതീക്ഷ.

Latest