Connect with us

Sports

തുഴയെറിഞ്ഞ് സ്വര്‍ണം

Published

|

Last Updated

ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി വേമ്പനാട് കായലില്‍ നടന്ന 2000 മീറ്റര്‍ പുരുഷ വനിത റോവിംഗ് മത്സരത്തില്‍ കേരളത്തിന് സ്വര്‍ണം.ഒരു സ്വര്‍ണ മെഡലുള്‍പ്പെടെ മൂന്ന് മെഡലുകളാണ് തുഴച്ചില്‍ മത്സരത്തില്‍ കേരളത്തിന് ലഭിച്ചത്.ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ഒമ്പതിനങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ വേമ്പനാട് കായലിന്റെ കരയില്‍ തിങ്ങിക്കൂടിയ കായികപ്രേമികള്‍ നല്‍കിയ പ്രോത്സാഹനമേറ്റുവാങ്ങി ആവേശത്തുഴച്ചില്‍ നടത്തിയ കേരളത്തിന്റെ വനിതാ ടീമാണ് സ്വര്‍ണ, വെളളി മെഡലുകള്‍ കരസ്ഥമാക്കിയത്.സര്‍വീസസിന് ആധിപത്യം.ഒമ്പതിനങ്ങളിലായി നടന്ന മത്സരത്തില്‍ സര്‍വീസസ് അഞ്ച് സ്വര്‍ണം കരസ്ഥമാക്കി.വനിതകളുടെ കോക്‌സ്‌ലെസ് ഫോറില്‍ കേരളത്തിനു വേണ്ടി നിത്യാജോസഫ്, ചിപ്പി കുര്യന്‍, എം ടി നിമ്മി, ഹണി ജോസഫ് എന്നിവരാണ് സ്വര്‍ണം തുഴഞ്ഞെടുത്തത്.
ചിപ്പി കുര്യനൊഴികെ മൂന്ന് പേരും ആതിഥേയ ജില്ലക്കാരാണ്.ചിപ്പികുര്യന്‍ ഇടുക്കി സ്വദേശിയും.വനിത വിഭാഗം സിംഗിള്‍ സ്‌കള്‍ വിഭാഗത്തിലും ഡബിള്‍ സ്‌കള്‍ വിഭാഗത്തിലും കേരളത്തിന്റെ ഡിറ്റിമോള്‍ വര്‍ഗീസിന് വെള്ളി ലഭിച്ചു.ഡബിള്‍ സ്‌കളില്‍ താരാകുര്യനായിരുന്നു ഡിറ്റിമോളുടെ വെള്ളി പങ്കാളി.വനിതകളുടെ കോക്‌സ്‌ലെസ് പെയേഴ്‌സില്‍ ഹണിജോസഫും എം ടി നിമ്മിയുമടങ്ങിയ ടീം വെള്ളി നേടി.
മൊത്തം അഞ്ചിനങ്ങളിലായിരുന്നു കേരളം ഇന്നലെ മത്സരത്തിനിറങ്ങിയത്.ഇതില്‍ പുരുഷന്‍മാരുടെ കോക്‌സ്‌ലെസ് ഫോറില്‍ മാത്രമാണ് കേരളത്തിനു മെഡലൊന്നും കിട്ടാതെ പോയത്.അതേസമയം ഈയിനത്തില്‍ വെള്ളി നേടിയ കര്‍ണാടക ടീമില്‍ ചങ്ങനാശേരി സ്വദേശി സോജന്‍ മാത്യുവും കൈനകരി സ്വദേശി ബിന്റോ തോമസും പങ്കാളികളായി.റോവിംഗ് മത്സരത്തില്‍ സര്‍വീസസിനായിരുന്നു ആധിപത്യം.മത്സരം നടന്ന ഒമ്പതിനങ്ങളില്‍ അഞ്ചിലും സര്‍വീസസ് സ്വര്‍ണം കൈപ്പിടിയിലൊതുക്കിയപ്പോള്‍ മണിപ്പൂരിന് രണ്ടും കേരളം, ഒഡീഷ ടീമുകള്‍ക്ക് ഓരോ സ്വര്‍ണവും ലഭിച്ചു.
തെലുങ്കാന, കേരള ടീമുകള്‍ക്ക് മൂന്ന് വീതവും കര്‍ണാടക, ഒഡീഷ, യു പി ടീമുകള്‍ക്ക് ഓരോന്നു വെള്ളിയും ലഭിച്ചു.ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നീ ടീമുകള്‍ക്ക് രണ്ട് വീതവും ചണ്ടിഗഡിന് ഒന്നും വെങ്കല മെഡലുകള്‍ ലഭിച്ചു.ഇന്നലെ ഇന്ന് ഉച്ചക്ക് ശേഷം 500 മീറ്റര്‍ പുരുഷ വനിത ഹീറ്റ്‌സ് മത്സരങ്ങള്‍ നടക്കും.