Connect with us

National

തുര്‍ക്കിയില്‍ നിന്ന് നാടുകടത്തിയ സംഘത്തിന് തീവ്രവാദ ബന്ധമില്ല

Published

|

Last Updated

ബെംഗളൂരു: ഇസിസിലേക്ക് ചേരാന്‍ വന്നവരാണെന്ന സംശയത്തില്‍ ഇന്ത്യയിലേക്ക് നാടുകടത്തിയ ഒമ്പത് പേരെ ബെംഗളൂരു പോലീസ് വിട്ടയച്ചു. ഇവര്‍ക്ക് ഇസിസ് ബന്ധമില്ലെന്ന് ബെംഗളൂരു പോലീസ് മേധാവി എം എന്‍ റെഡ്ഢി പറഞ്ഞു. ഒമ്പത് പേരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തില്‍ പെട്ടവരാണ്.
കഴിഞ്ഞ ഡിസംബര്‍ 24നാണ് ബെംഗളൂരുവില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് ഇവര്‍ പോയത്. ഇസിസ് ചേരാന്‍ പോകുന്നതിന് വേണ്ടി സിറിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരാണ് ഇവരെന്ന് തുര്‍ക്കി അധികൃതര്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ തിരിച്ചയച്ചത്. ഈ സംഘത്തില്‍ 46കാരനായ ചെന്നൈ സ്വദേശി അബ്ദുല്‍ അഹദും ഭാര്യയും അഞ്ച് മക്കളുമുണ്ട്. അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കുകയും അവിടെ 10 വര്‍ഷം ജോലിയെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേരും എന്‍ജിനീയര്‍മാരാണ്.
മത ഗ്രന്ഥങ്ങളിലെ വിശേഷണങ്ങളില്‍ ആകൃഷ്ടരായി സിറിയയിലെയും ഇറാഖിലെയും ഷാമി മേഖല (ലെവന്ത്) സന്ദര്‍ശിക്കാനാണ് ഇവര്‍ പുറപ്പെട്ടതെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരു പോലീസിന് പുറമെ കേന്ദ്ര ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍ പ്രത്യക്ഷത്തിലുള്ള യാതൊരു തെറ്റും കണ്ടിട്ടില്ല. അതിനാല്‍ തന്നെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ജാവീദ് ബാബ, ഇബ്‌റാഹീം നൗഫല്‍ എന്നീ യുവ എന്‍ജിനീയര്‍മാരുടെ കുടുംബത്തിന് ഇവര്‍ തുര്‍ക്കിയിലേക്കും തുടര്‍ന്ന് സിറിയയിലേക്കും പോകുന്നതിനെ സംബന്ധിച്ച് അറിയില്ലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്, ഇസിസിന് അനുകൂലമായ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചതിന് യുവ എന്‍ജിനീയറെ അറസ്റ്റ് ചെയ്തിരുന്നു.

Latest