Connect with us

Kerala

വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര തുടങ്ങി; പ്രതിഷേധവുമായി കെ എസ് ആര്‍ ടി ജീവനക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ ഇന്നലെ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ആരംഭിച്ചു. മുന്‍കൂര്‍ പണം അടച്ച് വിദ്യാര്‍ഥികള്‍ എടുത്തിട്ടുള്ള കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി ഈ മാസം കൂടിയുള്ളതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ അധ്യയന വര്‍ഷം സൗജന്യം പ്രയോജനപ്പെടില്ല. നിലവില്‍ കണ്‍സഷന്‍ കാര്‍ഡുള്ള 1,30,000 കുട്ടികളാണ് സൗജന്യ യാത്രക്ക് അര്‍ഹര്‍. മൂന്ന് മാസം കൂടുമ്പോള്‍ കാര്‍ഡ് പുതുക്കണം. ഇത്തരത്തില്‍ അധ്യയനം ആരംഭിച്ച ജൂണില്‍ കാര്‍ഡെടുത്തവര്‍ ഡിസംബറില്‍ മുന്‍കൂര്‍ പണം അടച്ച് പുതുക്കിയിട്ടുണ്ട്. ഫെബ്രുവരിവരെയാണ് ഇതിന്റെ കാലാവധി. ക്ലാസ് കുറവായതിനാല്‍ മാര്‍ച്ചില്‍ മിക്കവരും പുതുക്കാറില്ല. അതുകൊണ്ടുതന്നെ ജൂണിന് ശേഷം കാര്‍ഡെടുത്തിട്ടുള്ളവരും ജനുവരി 31ന് കാലാവധി കഴിഞ്ഞവരുമായ വളരെ ചുരുക്കും പേരേ സൗജന്യയാത്രക്കുണ്ടാകൂ. ഒരു വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം അടുത്ത വര്‍ഷം ആലോചിച്ചിട്ടേ സൗജന്യ യാത്രയുണ്ടാകൂവെന്നാണ് കെ എസ് ആര്‍ ടി സി നിലപാട്. ഡീസല്‍ വിലയിലെ കുറവ് മൂലം ലഭിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഒരു ദിവസം രണ്ട് യാത്ര സൗജന്യമായിരിക്കും. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മുതല്‍ സൗജന്യ യാത്ര അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ, വിദ്യാര്‍ഥികള്‍ക്ക് സൗജന്യം അനുവദിച്ചതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. പാലക്കാട് സഹകരണ ബേങ്കില്‍ നിന്ന് വായ്പ കിട്ടാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണം. സര്‍ക്കാര്‍ ഗ്യാരണ്ടി കരാര്‍ നല്‍കാത്തതാണ് തടസ്സം. വെള്ളിയാഴ്ചയേ ഇനി ബേങ്ക് ഭരണ സമിതിയുള്ളൂ. കരാര്‍ കിട്ടിയാലും അത് അംഗീകരിച്ച് വായ്പ അനുവദിക്കാന്‍ ഇനിയും ഒരാഴ്ചയെടുക്കും.