Connect with us

Kerala

ആദായ നികുതി വകുപ്പിന് ബിജു രമേശ് രേഖകള്‍ കൈമാറിയില്ല

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബിജു രമേശ് ആദായ നികുതി വകുപ്പിന് നല്‍കുമെന്ന് പറഞ്ഞിരുന്ന രേഖകള്‍ ഇന്നലെ കൈമാറിയില്ല. ബാര്‍ കോഴ ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന ആദായ നികുതി വകുപ്പ് ബിജു രമേശിനോട് തെളിവുകളും അനുബന്ധ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവുകളും മുദ്രവെച്ച കവറില്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ബാര്‍ കോഴ സംബന്ധിച്ച് തന്റെ ആരോപണങ്ങളില്‍ ഉറച്ചുനിന്ന ബിജു, തെളിവുകള്‍ ഇന്നലെ പ്രത്യേക ദൂതന്‍ മുഖേന കൈമാറുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ ആദായ നികുതി ഓഫീസില്‍ ഇത് കൈമാറിയില്ല. ഇതു സംബന്ധിച്ച യാതൊരു വിശദീകരണവും ബിജു രമേശ് നല്‍കിയിട്ടില്ല. വന്‍കിട കച്ചവടക്കാരും ബാറുടമകളും ഉള്‍പ്പെട്ട കോഴക്കേസില്‍ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച ബിജു രമേശില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ആദായ നികുതി ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയരക്ടറും അസിസ്റ്റന്റ് ഡയരക്ടറും അടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്. മാണിക്കും മറ്റ് നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളടങ്ങളിയ ശബ്ദരേഖയും പണമിടപാട് സംബന്ധിച്ച രേഖകളുമാണ് കൈമാറുമെന്ന് അറിയിച്ചിരുന്നത്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ബാര്‍കോഴയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ബിജുവില്‍ നിന്ന് വൈകാതെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.

Latest