Connect with us

Thrissur

പൂക്കുളം പദ്ധതി ചുവപ്പുനാടയില്‍

Published

|

Last Updated

ചാവക്കാട്: നഗരസഭയിലെ ഒമ്പതാം വാര്‍ഡിലെ പൂക്കുളത്തെ സംരക്ഷിക്കാന്‍ ജലസേചന വകുപ്പ് അനുവദിച്ച 77 ലക്ഷം രൂപയുടെ പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടപ്പെടാന്‍ സാധ്യത. നഗരസഭയുടെയും നഗരസഭാഒമ്പതാം വാര്‍ഡിലെ വികസന സമിതിയുടെയും എയര്‍പോര്‍ട്ട് പ്ലാനിങ് അതോറിറ്റിയുടെയും നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിക്കായി 2013ല്‍ പണം അനുവദിച്ചത്. എന്നാല്‍ ഇതുവരെയും ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. മൂന്നു തവണ ഈ ടെന്‍ഡര്‍ നടത്തിയെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ ആരും തന്നെ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായില്ല. ചെറുകിട ജലസേചന വകുപ്പിനാണ് പദ്ധതി നിര്‍മ്മാണച്ചുമതല.
ഓപ്പണ്‍ ടെന്‍ഡര്‍ നടത്തുന്നതിലൂടെ മാത്രമേ കരാര്‍ ഉറപ്പിക്കാനാവൂ എന്നാണ് വാര്‍ഡ് അംഗം കെ വി സത്താര്‍ പറയുന്നത്. ഇതിനായി നഗരസഭാ സെക്രട്ടറിക്ക് കൗണ്‍സിലര്‍ കത്തു നല്‍കിയിട്ടുണ്ട്. ഓപ്പണ്‍ ടെന്‍ഡര്‍ നടത്താന്‍ നഗരസഭയ്ക്ക് സര്‍ക്കാരില്‍ നിര്‍ദ്ദേശം നല്‍കാവുന്നതാണ്. ചരിത്ര പ്രാധാന്യമുള്ള പൂക്കുളം അനധികൃത കയ്യേറ്റങ്ങള്‍കൊണ്ടും മാലിന്യം തള്ളുന്നതിനാലും നശിച്ചുകൊണ്ടിരിക്കുകയാണ്.
മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ഭഗവതീ ക്ഷേത്രത്തിന് കീഴിലുണ്ടായിരുന്ന മൂന്നു കുളങ്ങളില്‍ ഏറ്റവും ചരിത്ര പ്രസിദ്ധമായ കുളമാണ് പൂക്കുളം. ക്ഷേത്രത്തിലെ ഉത്സവദിവസം ഭഗവതി പള്ളിനീരാട്ട് നടത്തിയിരുന്നത് ഈ കുളത്തിലാണ്. കാലക്രമേണ ഈ കുളം ചാവക്കാട് നഗരസഭയ്ക്ക് ക്ഷേത്രം കമ്മിറ്റി വിട്ടുകൊടുക്കുകയായിരുന്നു. കടുത്ത വേനലിലും വറ്റാത്ത കുളമാണിത്. 87 സെന്റ് ഭൂമിയിലാണ് ഈ കുളം സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ സമീപവാസികളുടെ അനധികൃത കയ്യേറ്റം മൂലം കുളം ശോഷിച്ചു. സമീപത്തെ നൂറുകണക്കിന് വരുന്ന കിണറുകളില്‍ കടുത്ത വേനലിലും വെള്ളം വറ്റാതിരിക്കുന്നതിന് കാരണം പ്രധാനമായും കുളം ഉള്ളതിനാലാണ്.
എന്നാല്‍ സാമൂഹിക വിരുദ്ധര്‍ മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളി കുളം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൊതുകുകളുടെയും ഉഗ്രവിഷമുള്ള പാമ്പുകളുടെയും വിഹാരകേന്ദ്രമാണിവിടെ. കോളിഫോം ബാക്ടീരിയകളുടെ അളവ് അനുദിനം കുളത്തിലെ വെള്ളത്തില്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ സമീപ പ്രദേശത്തെ കിണറുകളും കോളിഫോം ബാക്ടീരിയ ഉണ്ട്. ഇത് മേഖലയില്‍ വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കുളത്തിന്റെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി റവന്യൂ വിഭാഗം സര്‍വ്വേ നടത്തിയിരുന്നു. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ചിലരുടെ താത്പര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി കയ്യേറ്റം ഒഴിപ്പിക്കല്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. പൂക്കുളം വൃത്തിയാക്കി സ്‌കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ കുളമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.

Latest