Connect with us

Thrissur

റോഡിലെ കുഴികളടച്ച് യുവാക്കള്‍ മാതൃക കാട്ടി

Published

|

Last Updated

ഇരിങ്ങാലക്കുട : ഒന്നര വര്‍ഷത്തോളമായി കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ട പോട്ടമൂന്നുപീടിക സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് റോഡിലെ കുഴികളടച്ച് സി പി എം പ്രവര്‍ത്തകര്‍ മാതൃകകാട്ടി.ജെ സി ബി ഉപയോഗിച്ച് പൊളിച്ച റോഡില്‍ പൈപ്പിട്ടെങ്കിലും റീടാറിങ് നടത്താത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സി പി എം പ്രവര്‍ത്തകര്‍ എംസാന്റ് ഉപയോഗിച്ച് റോഡിലെ കുഴികളടച്ചത്.
നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന പടിയൂര്‍ പഞ്ചായത്തിലെ ചേലൂര്‍ മുതല്‍ ചെട്ടിയാല്‍ വരെയുള്ള റോഡിലാണ് ഒരു മീറ്ററിലേറെ താഴ്ചയിലെടുത്ത കുഴികളില്‍ പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ടു മൂടിയെങ്കിലും മണ്ണമര്‍ന്ന് വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ അപകടങ്ങള്‍ പെരുകുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി മുന്‍കൂര്‍ അനുമതി വാങ്ങുകയും, പണികള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള പണം മുന്‍കൂര്‍ കെട്ടിവക്കുകയും വേണം.എന്നാല്‍ 2013 -2014 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംസ്ഥാന പാതക്ക് കുറുകേ 48 മീറ്റര്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി പണമടക്കുകയും, ഈ അനുമതിയുടെ മറവില്‍ വാട്ടര്‍ അതോററ്റി 3300 മീറ്റര്‍ പൊളിക്കുകയുമായിരുന്നു.അനുമതിയില്ലാതെ പ്രവര്‍ത്തികള്‍ നടത്തിയത് മൂലമുണ്ടായ 64 ലക്ഷം രൂപയുടെ നഷ്ടം പരിഹരിക്കാതെ റോഡ് പൂര്‍വസ്ഥിതിയിലാക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.
റീടാറിങ്ങിനെച്ചൊല്ലി രണ്ടു വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും, റോഡുപണി എത്രയുംവേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും സി പി എം പടിയൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി പി എ രാമാനന്ദന്‍ പറഞ്ഞു.സി പി എം ലോക്കല്‍ കമ്മറ്റിയംഗം എം,എ ദേവാനന്ദന്‍, പഞ്ചായത്ത് മെമ്പറായ കെ എസ് സൂരജ്, എം എല്‍ കണ്ണന്‍, വി എസ് സുബീഷ് തുടങ്ങിയവര്‍ റോഡിലെ കുഴികളക്കുന്നതിന് നേതൃത്വം നല്‍കി.