Connect with us

Editorial

കടലും വിദേശിക്ക്

Published

|

Last Updated

ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിലാണ് രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രങ്ങളിലെ മത്സ്യസമ്പത്ത് യഥേഷ്ടം ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുക വഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. 1994ലെ മൂരാരി കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ അംഗീകരിച്ച മാര്‍ഗരേഖയില്‍ നൂറ് നോട്ടിക്കല്‍ മൈലിനുമപ്പുറമാണ് വിദേശ കപ്പലുകള്‍ക്കു മത്സ്യബന്ധന മേഖലയായി തിട്ടപ്പെടുത്തിയിരുന്നതെങ്കില്‍ മീനാകുമാരി റിപ്പോര്‍ട്ടില്‍ അത് 12 നോട്ടിക്കല്‍ മൈലായി കുറച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ യന്ത്രവത്കൃത ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനം നടത്തിവരുന്നത് 12നും നൂറിനും ഇടക്കു നോട്ടിക്കല്‍ മൈലിലാണ്. ഈ മേഖലയിലേക്ക് അത്യാധുനിക സംവിധാനങ്ങളും നൂറുകണക്കിന് മീറ്ററുകള്‍ വരെ നീളമുള്ള വലകളുമടങ്ങുന്ന വിദേശ കപ്പലുകള്‍ കടന്നുവരുന്നതോടെ മേഖലയിലെ മത്സ്യസമ്പത്ത് അവര്‍ അരിച്ചുപെറുക്കുകയും തദ്ദേശീയ യന്ത്രവത്കൃത ബോട്ടുകളും വള്ളങ്ങളും വെറും കൈയോടെ മടങ്ങേണ്ടിവരികയും ചെയ്യും.
നിലവിലെ മാര്‍ഗരേഖയില്‍ കപ്പലുകളുടെ വലിപ്പവും എണ്ണവും നിശ്ചയിക്കപ്പെട്ടിരുന്നെങ്കില്‍ പുതിയ മാര്‍ഗരേഖയില്‍ ഇവ രണ്ടും നിശ്ചയിച്ചിട്ടില്ല. മത്സ്യബന്ധന രംഗം കൂടാതെ സംസ്‌കരണ രംഗത്തും വിദേശ കപ്പലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറുകിട മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കുന്ന തീരക്കടലില്‍ മത്സ്യബന്ധനം പാടില്ല, മീന്‍ മുട്ടയിടുന്ന മണ്‍സൂണ്‍ കാലങ്ങളിലെ മത്സ്യബന്ധന നിരോധനത്തില്‍ നിന്നും വിദേശ ആഴക്കടല്‍ മത്സ്യയാനങ്ങളെ ഒഴിവാക്കണം തുടങ്ങി ആഴക്കടല്‍ മേഖല വിദേശ കോര്‍പറേറ്റുകള്‍ക്ക് മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്ന നിര്‍ദേശങ്ങളല്ലാതെ, ആഴക്കടല്‍ മത്സ്യസമ്പത്ത് കരുതലോടെ വിനിയോഗിക്കാനുള്ള നിര്‍ദേശങ്ങളൊന്നും മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലില്ല. ആഴക്കടല്‍ മത്സ്യബന്ധനം അനുവദിക്കരുതെന്നും പുതിയ മത്സ്യസമ്പത്ത് ചൂഷണംചെയ്യാന്‍ നിലവിലുള്ള ബോട്ടുകള്‍ തന്നെ അധികമാണെന്നും പുതുതായി വിദേശബോട്ടുകളുടെ ആവശ്യമില്ലെന്നും ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ഡയറക്ടര്‍ ജനറല്‍ ഡോ. കെ വിജയകുമാരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നേരത്തെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ്. അത് തള്ളാനുള്ള വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് മീനാകുമാരി കമ്മിറ്റി, ബി ജെ പി സര്‍ക്കാറിന്റെ വിദേശകുത്തകകളോടുള്ള ഉദാര സമീപനത്തിന് അനുയോജ്യമായ രീതിയില്‍ പുതിയ റിപ്പോര്‍ട്ട് ത/റ/ാറാക്കിയത്. മാത്രമല്ല, എല്ലാവരുമായും കൂടിയാലോചിച്ചും സമവായം ഉണ്ടാക്കിയും മാത്രമേ മീനാ കുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കൂവെന്നും വിഷയം കൂടിയാലോചിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും കേന്ദ്രം നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്. അതും ലംഘിച്ചിരിക്കുകയാണ്.
നമ്മുടെ ആഴക്കടല്‍ മേഖലയില്‍ കോര്‍പറേറ്റ് കപ്പലുകള്‍ വ്യവസ്ഥാപിതമായ രീതിയില്‍ ഉത്തരവാദിത്വപരമായല്ല മത്സ്യ ബന്ധനം നടത്താറുള്ളത്. തരം കിട്ടുമ്പോഴൊക്കെ അവര്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കണ്ണുവെട്ടിച്ച് തീരദേശ കടലില്‍ അതിക്രമിച്ചുകയറി മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത തൊഴില്‍ മേഖലകള്‍ കൈയടക്കുകയും കൂറ്റന്‍ വലകള്‍ ഉപയോഗിച്ച് തീരക്കടലില്‍ നിന്ന് മത്സ്യം പിടിച്ച് കടന്നുകളയുകയും ചെയ്യാറുണ്ട്. മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത ഉരുക്കളും വലകളും അവരുടെ കടന്നുകയറ്റംമൂലം നശിപ്പിക്കപ്പെടുന്ന സംഭവങ്ങളും ചുരുക്കമല്ല. വിദേശ കപ്പലുകളുടെ ആഴക്കടല്‍ മത്സ്യബന്ധനം സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളും അതീവ ഗുരുതരമാണ്. സമുദ്ര ആവാസവ്യവസ്ഥക്കും ഇത് കടുത്ത ആഘാതം വരുത്തുന്നു.
15 ലക്ഷം പേര്‍ ജോലി ചെയ്യുന്ന കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് മീനാകുമാരി റിപ്പോര്‍ട്ട് വന്‍ തിരിച്ചടിയാണ്. കേരളത്തിന്റെ മത്സ്യസമ്പത്ത് ശോഷിച്ചുവരികയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് കാരണം ഈ മേഖല കൈഴൊഴിഞ്ഞു പലരും മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ്. പുതിയ നയം സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തെ പൊതുവിലും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍സുരക്ഷയെ പ്രത്യേകിച്ചും പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാനും ആഴക്കടല്‍ മേഖലയെ കോര്‍പറേറ്റുവത്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനെ പിന്തിരിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മറ്റു തീരദേശ സംസ്ഥാനങ്ങളുടെ സഹകരണവും തേടേണ്ടതുണ്ട്.

---- facebook comment plugin here -----

Latest