അമേരിക്കക്കും റഷ്യക്കുമിടയില്‍ സൈനിക സംഘര്‍ഷമില്ലെന്ന് ഒബാമ

Posted on: February 2, 2015 10:31 pm | Last updated: February 2, 2015 at 10:31 pm

obamaവാഷിംഗ്ടണ്‍ : ഉക്രൈനില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യന്‍ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും അമേരിക്കക്കും റഷ്യക്കുമിടയില്‍ സൈനിക സംഘര്‍ഷമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ സൈനിക സംഘര്‍ഷമുണ്ടാകുന്നത് ബുദ്ധിപരമാണെന്ന് താന്‍ വിചാരിക്കുന്നില്ലെന്ന് ഒബാമ പറഞ്ഞു. റഷ്യക്കെതിരായി ഉപരോധമേര്‍പ്പെടുത്തിയത് ശരിയായ നടപടിയാണെന്നും രാജ്യതാത്പര്യത്തിന് എതിരായാണ് പുടിന്‍ തെറ്റായ തീരുമാനമെടുത്തതെന്നും സി എന്‍ എന്നിന് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. താന്‍ അധികാരമേറ്റെടുത്തതുമുതല്‍ ഇരുരാജ്യങ്ങളുമായുള്ള ബന്ധം പുനഃക്രമീകരിക്കാനാണ് ശ്രമിച്ചത്. ഫലപ്രദമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിലൂടെ റഷ്യയുടെ സാമ്പത്തിക രംഗവും മെച്ചപ്പെടും. എന്നാല്‍ ക്രിമിയയിലെയും ഉക്രൈനിലെയും പുടിന്റെ ഇടപെടല്‍ തന്ത്രപ്രധാനമായിരുന്നില്ല. മറിച്ച് മെയ്ഡാനിലെയും യാനുകോവിചിലേയും പ്രതിഷേധത്തെ ബാലന്‍സ് ചെയ്യാനായിരുന്നുവെന്നും ഒബാമ പറഞ്ഞു.