Connect with us

Gulf

കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ ഉള്‍പ്പെടുത്തണം

Published

|

Last Updated

ദുബൈ: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള കൊച്ചിയെ ഇന്റര്‍നാഷനല്‍ ഹബ്ബില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ഉയരണമെന്ന് സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 60 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഈ കാലയളവില്‍ 16 ശതമാനത്തോളം വര്‍ധനവാണ് വന്നിരിക്കുന്നത്. 202 രാജ്യങ്ങളിലെ യാത്രക്കാര്‍ 2013-14 ല്‍ കൊച്ചിവിമാനത്താവളംവഴി യാത്ര ചെയ്തു . 2021 ആകുമ്പോള്‍ 1.2 കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന വിമാനത്താവളമായി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാറുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്ക്. 2030 ആകുമ്പോഴേക്കും രണ്ട് കോടി യാത്രക്കാരായി ഇന്ത്യയിലെ തന്നെ മുന്‍നിര എയര്‍പോര്‍ട്ടുകളില്‍ മുന്‍പന്തിയില്‍ എത്തും എന്നു പറയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്, അടുത്ത മൂന്ന് ദശാബ്ദക്കാലത്തേക്ക് സമഗ്രവികസനം സമസ്ത മേഖലകളിലും കൊണ്ടുവരേണ്ട രാജ്യാന്തര വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്നും കൊച്ചി വിമാനത്താവളത്തെ ഒഴിവാക്കിയിരിക്കുന്നത്.
ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നി ആറ് വിമാനത്താവളങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹബ്ബുകളായി വിമാനത്താവളങ്ങളായിരിക്കും വിദേശത്ത് നിന്നും ഇന്ത്യയിലേക്കും തിരിച്ചും അന്താരാഷ്ട്രയാത്രക്കുള്ള ഇന്ത്യയിലെ പ്രവേശന കവാടങ്ങള്‍. അതുവഴി അന്താരാഷ്ട്ര സര്‍വീസുകളുടെ വര്‍ധന കൊച്ചിക്ക് ഇല്ലാതാകും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ടിക്കറ്റ് നിരക്കുകള്‍ അമിതമായി കൂടുകയും യാത്രാദുരിതം വര്‍ധിക്കുകയും ചെയ്യും.
പുതിയ വ്യോമയാന നിയമമനുസരിച്ച് വിമാനത്താവളങ്ങളുടെ രൂപകല്‍പനയും വികസനവും ഇനി മുതല്‍ “ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ഹബ്” അടിസ്ഥാനപ്പെടുത്തിയായിരിക്കും.
കൊച്ചി വിമാനത്താവളത്തിന്റെ വികസനം, അനുബന്ധ സേവനങ്ങളുടെ ഗുണനിലവാരം, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ബിസിനസ്സുകളുടെയും വ്യവസായങ്ങളുടെയും വളര്‍ച്ച മുതലായവ മുരടിക്കും. മേല്‍പറഞ്ഞ ആറ് വിമാനത്താവളങ്ങളില്‍ മാത്രമായിരിക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ വികസനപദ്ധതികള്‍. പുതുതായി വരുന്ന വിമാന സര്‍വീസുകള്‍, വിമാനത്താവളങ്ങളിലെ സൗകര്യങ്ങളുടെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, റണ്‍വേകളുടെ വികസനം, ലഗേജ് കൈകാര്യങ്ങള്‍ക്കും ചരക്ക് ഗതാഗതത്തിനും ആധുനിക സംവിധാനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, ബോര്‍ഡിംഗ് ചെക്കിംഗ് സംവിധാനങ്ങള്‍ക്ക് പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ മേല്‍പ്പറഞ്ഞ വിമാനത്താവളങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കുന്നതോടൊപ്പം അനുബന്ധ സേവനങ്ങളായ മെട്രോ, റെയില്‍വേ, റോഡ്, ട്രക്ക് സര്‍വീസുകളുടെ കണക്ടിവിറ്റി എല്ലാം ഇതിന്റെ ഭാഗമായി വികസിപ്പിക്കും. കൂടാതെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ടൂറിസം, തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനം, ഹോട്ടലുകളും അനുബന്ധ സൗകര്യങ്ങളും, ഐ ടി മേഖല, ടെക്‌നോപാര്‍ക്ക്, ഫ്രീസോണ്‍ തുടങ്ങിയവ എല്ലാം ഇതോടനുബന്ധിച്ചുള്ള വികസനങ്ങളാണ് ഈ ഇന്റര്‍നാഷണല്‍ ഹബ്ബിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലേക്കായി ഒരു ലക്ഷം കോടിയോളം രൂപയാണ് വരുംനാളുകളില്‍ കേന്ദ്രഗവണ്‍മെന്റ് ചെലവഴിക്കുക. പിന്നീടുള്ള വികസനങ്ങളും ഈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഹബ്ബ് ആന്‍ഡ് സ്‌പോക്ക് എന്ന മാതൃകയിലായിരിക്കും.
ഈ വിമാനത്താവളങ്ങളുടെ അടുത്തുള്ള ചെറുകിട വിമാനത്താവളങ്ങള്‍ക്കായിരിക്കും അതിലും മുന്‍ഗണന നല്‍കുക. ഫലത്തില്‍ കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടുത്ത മുപ്പത് വര്‍ഷക്കാലത്തേക്ക് കേന്ദ്രഗവണ്‍മെന്റ് ഈ വികസനപദ്ധതിയില്‍ ഉള്‍പെടില്ല. ഇത് കൂടാതെ അന്താരാഷ്ട്ര രംഗത്തെ അനുഭവങ്ങളും പഠനങ്ങളും അനുസരിച്ച് വിമാനത്താവള വികസനത്തില്‍ നൂറു രൂപ ചിലവഴിച്ചാല്‍ അത് ആ പ്രദേശത്ത് 325 രൂപയുടെ വികസനം കൊണ്ടുവരും. വിമാനത്താവളങ്ങളില്‍ നൂറ് പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെട്ടാല്‍ അനുബന്ധമായി 610 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ടൂറിസം, ഐ ടി മേഖലകളാണ് കേരളത്തിന്റെ വികസന സാധ്യതകള്‍ എന്നിരിക്കെ ഈ തീരുമാനം വരുംകാലങ്ങളില്‍ കേരളത്തിന്റെ വികസനം മുരടിപ്പിക്കുന്നതാണ്. മൂന്നു കോടി വിദേശ ഇന്ത്യക്കാരില്‍ മുപ്പത് ശതമാനവും മലയാളികളാണ്.അതില്‍ തന്നെ മുക്കാല്‍ പങ്കും ഗള്‍ഫില്‍ ജോലി ചെയ്യുന്ന തുച്ഛവരുമാനക്കാരായ തൊഴിലാളികളാണ്, വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മാഈല്‍ റാവുത്തര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹിം, കെ എം സി സി പ്രസിഡന്റ് അന്‍വര്‍ നഹ, ദേര ട്രാവല്‍സ് ജന. മാനേജര്‍ ടി പിസുധീഷ് എന്നിവര്‍ പങ്കെടുത്തു.