Connect with us

Gulf

മഅ്ദനി: സര്‍ക്കാറിന് തുറന്ന സമീപനമെന്ന് മന്ത്രി യു ടി ഖാദര്‍

Published

|

Last Updated

കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദറിന് ദുബൈ മര്‍കസ് ആസ്ഥാനത്ത് സ്വീകരണം നല്‍കിയപ്പോള്‍

അബുദാബി: മഅ്ദനി വിഷയത്തില്‍ കര്‍ണാടക സര്‍ക്കാറിന് തുറന്ന സമീപനമാണുള്ളതെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. ഒരാളെയും അനാവശ്യമായി തുറുങ്കിലടക്കുക എന്നത് സര്‍ക്കാറിന്റെ നയമല്ല, മഅ്ദനിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ആവശ്യമായ പരിചരണമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. മഅ്ദനിയുടെ കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയില്‍ നിരവധി പുതിയ പരിഷ്‌കാരങ്ങളാണ് കര്‍ണാടക നടപ്പിലാക്കുന്നത്. ബി പി എല്‍, എ പി എല്‍ എന്ന് വേര്‍തിരിവില്ലാതെ രോഗികള്‍ക്ക് പരിചരണമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. എ പി എല്ലിലും നിരവധി ബി പി എല്ലുകാരുണ്ട്. മംഗലാപുരത്തെ ആരോഗ്യമേഖലയെ ആശ്രയിക്കുന്ന പ്രധാന ജില്ലയാണ് കാസര്‍കോട്. രാവിലെ പത്ത് കഴിഞ്ഞാല്‍ മംഗലാപുരം ഭാഗത്തേക്ക് കേരളത്തില്‍ നിന്നും ട്രെയിനുകള്‍ കുറവാണ്. രോഗികള്‍ എത്തുന്നത് വന്‍ തുകമുടക്കി ടാക്‌സികളിലാണ്. ഈ പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കണ്ടെത്തുന്നതിന് കേരള സര്‍ക്കാറുമായി ചര്‍ച്ച ചെയ്ത് വടക്കന്‍ കേരളത്തിലെ പ്രധാന നഗരങ്ങളായ നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടക ബസ് സര്‍വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest