Connect with us

Gulf

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന വരുന്നു

Published

|

Last Updated

ദുബൈ: ഈ വര്‍ഷത്തെ വേനലവധിക്കാലത്തെ വിമാനടിക്കറ്റ് നിരക്ക് സമ്പന്നര്‍ക്കുപോലും താങ്ങാനാകാത്ത ഉയരത്തിലേക്ക്. ഏപ്രില്‍ ആദ്യവാരത്തേക്ക് കൊച്ചിയിലേക്ക് ഇപ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് ബുക്കു ചെയ്യുകയാണെങ്കില്‍ 3,000 ദിര്‍ഹത്തിലധികം നല്‍കേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്ന് ദേര ട്രാവല്‍സ് ജനറല്‍ മാനേജര്‍ ടി പി സുധീഷ് പറഞ്ഞു.

എയര്‍ ഇന്ത്യക്കാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ധന വില കുത്തനെ താണിട്ടും ടിക്കറ്റ് നിരക്കില്‍ ഒരു വിമാനക്കമ്പനിയിലും ഇളവില്ല. മാര്‍ച്ച് അവസാനവാരത്തിലെത്തുമ്പോള്‍ നിരക്ക് പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യത. നിലവില്‍ ശരാശരി 750 ദിര്‍ഹത്തിന് റിട്ടേണ്‍ ടിക്കറ്റ് ലഭിക്കുന്ന അവസ്ഥയില്‍ നിന്നാണ് വേനലവധിക്കാലത്തെ നിരക്ക് ഭീമമായി വര്‍ധിക്കുന്നത്. ആവശ്യക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് നിരക്ക് കൂട്ടുന്ന നയംമൂലമാണ് ഇത് സംഭവിക്കുന്നത്.
അതേ സമയം, ഗള്‍ഫില്‍ നിന്ന് ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്ക് ഇത്രയധികം വര്‍ധനവ് വരുന്നില്ല. നാമമാത്രമായ വര്‍ധനവ് മാത്രമേ ഉണ്ടാകാറുള്ളു. കേരളീയരെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് വിമാനക്കമ്പനികളുടെ നിലപാട്.
ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസിനു പോലും ഡ്രീം എയര്‍ലൈനറുകളും എ380 വിമാനങ്ങളും ഉപയോഗിക്കുന്നു. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ്-കേരള സെക്ടറിനോട് വിവേചനമാണ്. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍, കേരളത്തിലെ വിമാനത്താവളങ്ങളില്‍ മതിയായ സൗകര്യമില്ലെന്നാണ് ഒരു വാദം. എന്നാല്‍ കൊച്ചിയെ ആഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല. എന്നിട്ടും പരിഗണിക്കുന്നില്ല- സുധീഷ് പറഞ്ഞു.

Latest