വാടകക്കാരുടെ ദുരിതം തുടരുന്നു

Posted on: February 2, 2015 5:00 pm | Last updated: February 2, 2015 at 5:09 pm

ദുബൈ: വാടകക്കാരെ ചൂഷണം ചെയ്യുന്നതായി യു എ ഇയില്‍ വ്യാപക പരാതി. അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും മറ്റു ഇടനിലക്കാരും വാടക കൂട്ടുന്നതിന് തന്ത്രങ്ങള്‍ മെനയുകയാണ്. കെട്ടിടത്തില്‍ നവീകരണം നടത്താനുണ്ടെന്ന് വിശ്വസിപ്പിച്ച് പൊടുന്നനെ ഒഴിയാന്‍ പറയുന്ന കെട്ടിടമുടമകളുമുണ്ട്. പിന്നീട്, വേറെ ആളുകള്‍ക്ക് കൂടിയ വാടകക്കു നല്‍കുന്നു. മിക്ക എമിറേറ്റുകളിലും വാടകക്കാരുടെ താല്‍പര്യ സംരക്ഷണാര്‍ഥം റഗുലേറ്ററി അതോറിറ്റി ഉണ്ടെങ്കിലും ഫലപ്രദമല്ല.
എത്ര വാടകകൂട്ടിയാലും താമസിക്കാന്‍ ആളുണ്ടെന്ന വിശദീകരണമാണ് ഉടമകള്‍ നല്‍കുന്നത്. പഴയ കെട്ടിടങ്ങള്‍ക്കുപോലും ഭീമമായ വര്‍ധനവാണ്. കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് പൊടുന്നനെ വീടുമാറുക എളുപ്പമല്ല. കുട്ടികളുടെ വിദ്യാഭ്യാസം തന്നെയാണ് പ്രധാനകാരണം. വര്‍ഷങ്ങളായി ഗള്‍ഫില്‍ താമസിക്കുന്ന പലര്‍ക്കും നാട്ടിലേക്ക് പോകാന്‍ മനസുവരാറില്ല. നഗരത്തിലെ താങ്ങാനാവാത്ത വാടക കാരണം മുസഫ്ഫയിലോ, ബനിയാസിലോ മറ്റ് പ്രാന്തപ്രദേശങ്ങളിലേക്കോ താമസം മാറ്റാന്‍ തീരുമാനിച്ചാലും ഭീമമായവാടക നല്‍കണം.
താമസക്കാര്‍ക്കു പുറമെ ചെറുകിട വ്യവസായികളും പൊടുന്നനെയുണ്ടായ വാടക വര്‍ധനയില്‍ ഉഴലുന്നു. റെസ്റ്റോറന്റുകള്‍, ഗ്രോസറി, പച്ചക്കറിക്കടകള്‍, സലൂണുകള്‍, സ്റ്റേഷനറികള്‍ എന്നിവയുടെ നടത്തിപ്പുകാരും വിഷമാവസ്ഥയിലാണ്. മാസാമാസം കൃത്യമായ വിഹിതം മാറ്റിവെച്ച് വാടക അടക്കാറുള്ള ഇവര്‍ 20,000 മുതല്‍ 40,000 ദിര്‍ഹം വരെ വാടകയിനത്തിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന് നെട്ടോട്ടമോടുകയാണ്. നടത്തിക്കൊണ്ട് പോകുന്ന സ്ഥാപനം പെട്ടെന്ന് അടച്ചുപൂട്ടാനോ മറ്റ് സ്ഥലങ്ങളിലേക്ക് ബിസിനസ് മാറ്റാനോ പറ്റാത്ത അവസ്ഥയാണ്. വാടക വര്‍ധനകാരണം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വീടുകളോ വില്ലകളോ കിട്ടാനില്ല. ഇടനിലക്കാരുടെ ഇടപെടലുകളും വാടകവര്‍ധനയ്ക്ക് കാരണമാവുന്നുണ്ട്. അബുദാബിയില്‍ പഴയകെട്ടിടമായാലും 25 മുതല്‍ 45 ശതമാനം വരെയാണ് വാടകവര്‍ധന.
നഗരപരിധിയില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിന്റെ ജീവിതവും താളംതെറ്റുകയാണ്. പല കെട്ടിടങ്ങളില്‍ നിന്നും അവരെ കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാച്ചിലേഴ്‌സ് താമസിക്കുന്ന ഫഌറ്റുകളില്‍ മിന്നല്‍ പരിശോധന നടക്കുന്നു. മുസഫയിലേക്കും അല്‍ വാത്ബയിലേക്കും പലരും പലായനം ചെയ്യുകയാണ്.
മുസഫ പോലുള്ള വിദൂരസ്ഥലങ്ങളില്‍നിന്ന് നഗരത്തിലേക്ക് യാത്രചെയ്യുക സ്വന്തമായി വാഹനങ്ങളില്ലാത്ത സാധാരണക്കാരന് ക്ലേശകരമാണ്.