Connect with us

Gulf

ലണ്ടന്‍ ആക്രമണം: സ്വദേശി യുവതികള്‍ തിരിച്ചെത്തി

Published

|

Last Updated

അബുദാബി: ഷോപ്പിംഗിനായി ലണ്ടനില്‍ താമസിക്കവേ ചുറ്റികകൊണ്ടുള്ള ആക്രമണത്തിന് ഇരയായ സ്വദേശി യുവതികള്‍ രാജ്യത്ത് തിരിച്ചെത്തി. ഖുലൂദ് അല്‍ നജ്ജാര്‍(36), സഹോദരിമാരായ ഒഹൂദ്(34), ഫാത്തിമ(31) എന്നിവരാണ് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയത്. അബുദാബി കിരീടാവകാശിയും സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരമാണ് വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളോട് കൂടിയ പ്രത്യേക വിമാനത്തില്‍ ഇവരെ സ്വദേശത്തേക്ക് എത്തിച്ചത്. കഴിഞ്ഞ 10 മാസമായി മൂന്നു പേരും ആക്രണത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന് ലണ്ടനിലെ യു എ ഇ എംബസി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇവരെയും വഹിച്ചുള്ള വിമാനം യു എ ഇയില്‍ എത്തിയത്. ലണ്ടനിലെ കമ്പര്‍ലാന്റ് ഹോട്ടലില്‍ താമസിക്കവേയായിരുന്നു ആക്രമണത്തില്‍ ഇവര്‍ക്ക് പരുക്കേറ്റത്. ഖുലൂദിന്റെ ഇടത് കണ്ണ് ആക്രണത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഒഹൂദിന് തലയോട്ടിയില്‍ രണ്ട് ക്ഷതമേറ്റിരുന്നു. ഏറ്റവും ഇളയവളായ ഫാത്തിമക്ക് തലയോട്ടിക്കേറ്റ പരുക്കിനൊപ്പം കര്‍ണപുടം പൊട്ടുകയും ചെയ്തിരുന്നു.
മുറിയില്‍ സഹോദരിമാര്‍ കുട്ടികളുമായി ഉറങ്ങിക്കിടക്കവേയായിരുന്നു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ആക്രമിക്കപ്പെട്ടത്. മോഷ്ടാവിന്റെ ശബ്ദം കേട്ട് ഖുലൂദ് ഉണര്‍ന്നതോടെ ആക്രമി ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടായിരുന്നു മറ്റുള്ളവര്‍ ഉണര്‍ന്നത്. സഹോദരിമാരുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം അക്രമി സംഘം കൊള്ള ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു സ്ത്രീ ഉള്‍പെടെ നാലു പേരെ ആക്രമണം നടന്ന പിറ്റേന്ന് ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഖ്യപ്രതിക്ക് കഴിഞ്ഞ വ്യാഴാഴ്ച ലണ്ടന്‍ കോടതി ഒമ്പത് വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. ഫിലിപ് സ്‌പെന്‍സി(33)ന് എതിരെയാണ് ലണ്ടനിലെ സൗത് വാക്ക് കോടതി കൂടുതല്‍ തടവ് വിധിച്ചത്. കേസിന്റെ വിചാരണക്കിടയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 18 വര്‍ഷം തടവ് വിധിച്ചിരുന്നതിനാല്‍ മൊത്തം ഇയാള്‍ 27 വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. പ്രതിക്ക് വിധിച്ച ശിക്ഷ കുറവാണെന്നും ജീവപര്യന്തം തടവാണ് വിധിക്കേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ റോബേര്‍ട്ട് ബക്‌ലാന്റ് കോടതിയില്‍ വാദിച്ചിരുന്നു. വാടക തര്‍ക്കവുമായി ബന്ധപ്പെട്ട് സ്‌പെന്‍സ് മുമ്പ് ഭൂഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയും അദ്ദേഹത്തെയും ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നതും കോടതി വിധിയെ സ്വാധീച്ചിട്ടുണ്ട്.