ഡി എച്ച് എ കഴിഞ്ഞ വര്‍ഷം നടത്തിയത് 17 ലക്ഷം വൈദ്യ പരിശോധനകള്‍

Posted on: February 2, 2015 5:00 pm | Last updated: February 2, 2015 at 5:06 pm

ദുബൈ: കഴിഞ്ഞ വര്‍ഷം തൊഴില്‍ വിസകളുമായി ബന്ധപ്പെട്ട് 17 ലക്ഷം വൈദ്യപരിശോധനകള്‍ നടത്തിയതായി ഡി എച്ച് എ (ദുബൈ ഹെല്‍ത് അതോറിറ്റി) അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 8,28,898 പുതിയ വിസകളും ഉള്‍പെടും. 8,69,242 വിസകളാണ് കഴിഞ്ഞ വര്‍ഷം പുതുക്കിയതെന്ന് ഡി എച്ച് എ ഹോസ്പിറ്റല്‍ സര്‍വീസസ് സെക്ടര്‍ സി ഇ ഒ ഡോ. അഹമ്മദ് ബിന്‍ കല്‍ബാന്‍ വെളിപ്പെടുത്തി. ഡി എച്ച് എക്ക് കീഴിലുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് വിഭാഗം 16,98,140 വൈദ്യപരിശോധനകളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. താമസത്തിനും ജോലിക്കും വിദ്യാഭ്യാസത്തിനുമായി രാജ്യത്തെത്തുന്ന എല്ലാ വിദേശികള്‍ക്കും വൈദ്യപരിശോധന നിര്‍ബന്ധമാണ്. വിസ പുതുക്കുന്നതും പുതിയ വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട് ഡി എച്ച് എക്ക് കീഴില്‍ വൈദ്യപരിശോധനക്കായി 16 മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.

78,640 പേര്‍ വൈദ്യപരിശോധനയുടെ ഭാഗമായി ഡി എച്ച് എയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തി. 3,59,045 പേര്‍ 48 മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നത് പ്രയോജനപ്പെടുത്തിയപ്പോള്‍ 85,571 പേരാണ് വി ഐ പി സൗകര്യം പരിശോധനക്കായി ആവശ്യപ്പെട്ടത്. ദുബൈയിലുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍ സ്ഥാപിക്കാനും ഡി എച്ച് എ പദ്ധതിയിടുന്നുണ്ട്. വിസ പുതുക്കാനും പുതിയവ എടുക്കാനും പരിശ്രമിക്കുന്നവര്‍ക്ക് മികച്ച സേവനം എത്തിക്കുന്നതിന്റെ ഭാഗമാണിത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മിര്‍ദിഫ് അപ്ടൗണില്‍ പരിശോധനക്കായി ഓക്യൂപ്പേഷനല്‍ സ്‌ക്രീനിങ് സെന്റര്‍ ആരംഭിക്കും.
വിവിധ പ്രൊഫഷനുകളുമായി ബന്ധപ്പെട്ട് ആവശ്യമായിവരുന്ന സാക്ഷ്യപത്രങ്ങള്‍ക്കാവും ഇത്തരം കേന്ദ്രങ്ങള്‍ മുഖ്യപരിഗണന നല്‍കുക. ആര്‍ ടി എ ഡ്രൈവര്‍മാര്‍, സിവില്‍ ഡിഫന്‍സ് പ്രഫഷണലുകള്‍, ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് മുഖ്യമായും സാക്ഷ്യപത്രം ആവശ്യമായിവരുന്നത്. ജുമൈറ ലേക്ക് ടവേഴ്‌സിലും മെഡിക്കല്‍ ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കും.
ഇവിടെ വൈദ്യ പരിശോധനക്കൊപ്പം ഓക്യുപേഷനല്‍ സ്‌ക്രീനിങ് സേവനവും ലഭ്യമാക്കും. ഹത്തയിലും ബിസിനസ് വില്ലേജിലും മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിക്കും. ബിസിനസ് വില്ലേജിലേത് വി ഐ പി മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററായാവും പ്രവര്‍ത്തിക്കുക. നിലവിലെ സെന്ററുകളില്‍ ആവശ്യമായവക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കുമെന്നും ഡോ. അഹമ്മദ് ബിന്‍ കല്‍ബാന്‍ പറഞ്ഞു.