Connect with us

Gulf

അബുദാബിയില്‍ പുതിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സ്‌കൂളുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ (അഡക്ക്)തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഇത് ഏറെ ആശ്വാസമാകും. വില്ല സ്‌കൂളുകള്‍ അടച്ച് പൂട്ടിയതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കാതായത്. സ്ഥലസൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെയായിരുന്നു നടപടി. ഇതുവരെയായി 72 സ്‌കൂളുകളാണ് അബുദാബിയില്‍ അടച്ചുപൂട്ടിയത്. ഇതില്‍ ഏറെയും ഇന്ത്യന്‍ പാഠ്യപദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളാണ്. ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്നതോടെ 14 സ്‌കൂളുകളാണ് അടച്ച് പൂട്ടുന്നത്. ഇതില്‍ ആറ് സ്‌കൂളുകള്‍ ഇന്ത്യന്‍ സ്‌കൂളുകളാണ്.
എല്‍ കെ ജി മുതല്‍ സീറ്റുകള്‍ കിട്ടാനില്ല. ലഭ്യമല്ലാതായതോടെ സീറ്റുകളുള്ള സ്‌കൂള്‍ മാനേജ്‌മെന്റും ഡിമാന്റ് വര്‍ധിപ്പിച്ചു. സാധാരണ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ എല്‍ കെ ജിയില്‍ പഠിക്കുന്ന കുട്ടിക്ക് ഏറ്റവും ചുരുങ്ങിയത് 7,000 ദിര്‍ഹമാണ് ഫീസ് ഇനത്തില്‍ അടക്കേണ്ടത്. ഉയര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് ഇതിലും ഉയര്‍ന്ന നിരക്ക് നല്‍കണം. വില്ല സ്‌കൂളുകളില്‍ ചെറിയ ഫീസിന് പഠിച്ചിരുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന ഫീസ് അടക്കുവാന്‍ കഴിയാതായതോടെ പഠനം ഉപേക്ഷിച്ച് കുടുംബസമേതം നാട്ടിലേക്ക് പോയി. അഡക്കിന്റെ തീരുമാനം തലസ്ഥാന നഗരിയിലുള്ളവര്‍ക്ക് ഏറെ ആശ്വാസമാകും.

Latest