Connect with us

Gulf

ദുബൈ ക്രീക്ക്: യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംകണ്ടെത്താന്‍ വീണ്ടും അപേക്ഷിച്ചു

Published

|

Last Updated

ദുബൈ: യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയില്‍ ക്രീക്കിന് ഇടംകണ്ടെത്താന്‍ ദുബൈ വീണ്ടും അപേക്ഷ സമര്‍പിച്ചു. 2017 മധ്യത്തോടെയാണ് പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടവയെ യുനെസ്‌കോ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായാണ് ക്രീക്ക് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് പുതുക്കിയ അപേക്ഷ അധികൃതര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദുബൈ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് നഗരത്തെ രണ്ടായി പകുത്തൊഴുകുന്ന ദുബൈ ക്രീക്ക്. നഗരത്തിന്റെയും അറബ് മേഖലയുടെയും വാണിജ്യപരവും സാമ്പത്തികവുമായ വികസനത്തില്‍ നിര്‍ണായക പങ്കാണ് ക്രീക്ക് വഹിക്കുന്നത്. പൗരാണികതക്ക് കോട്ടംതട്ടാത്ത വികസനമാണ് ക്രീക്കുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തിവരുന്നത്. ഈ മേഖല തദ്ദേശീയമായ വാസ്തുശില്‍പകലയുടെ പ്രധാന കേന്ദ്രം കൂടിയാണ്.

നഗരത്തില്‍ എത്തുന്ന വിനോദസഞ്ചാരികളും നഗരവാസികളും ദുബൈയുടെ പാരമ്പര്യത്തെ പ്രശംസിച്ചുകൊണ്ടിരിക്കുന്നതായി ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അഭിപ്രായപ്പെട്ടു. നാലാമത് ഇന്റര്‍നാഷനല്‍ ആര്‍കിടെക്ചറല്‍ കണ്‍സര്‍വേഷന്‍ കോണ്‍ഫ്രന്‍സ് ആന്‍ഡ് എക്‌സ്ബിഷനുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആര്‍കിടെക്ചറല്‍ കണ്‍സര്‍വേഷന്‍ കോണ്‍ഫ്രന്‍സ് ദുബൈയില്‍ നടക്കുക. ദുബൈ എക്‌സ്‌പോ 2020 നടക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ദുബൈയിലേക്ക് എത്തുന്നവര്‍ക്ക് ക്രീക്കിന്റെ മഹത്വം അറിയാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ യുനെസ്‌കോ പൈതൃക പട്ടികയുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ പ്രത്യേക സെഷന്‍ ഖത്തറില്‍ നടന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പൈതൃക കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്നവക്കാണ് യുനെസ്‌കോ ലോക പൈതൃക പദവി ലഭിക്കുക. 36 കേന്ദ്രങ്ങളാണ് യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് പട്ടികയില്‍ ഇടം നേടാന്‍ അപേക്ഷിച്ചിരിക്കുന്നത്.
പുതുതായി സമര്‍പിച്ച റിപോര്‍ട്ടില്‍ ക്രീക്കിന് അരികിലെ പൗരാണിക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി നഗരസഭയുടെ ആര്‍ട്ടിടെക്ച്ചറല്‍ ഹെറിറ്റേജ് വിഭാഗം ഡയറക്ടര്‍ റഷാദ് ബുഖാഷ് വ്യക്തമാക്കി. പൗരാണികത ഒട്ടും ചോരാത്ത രീതിയിലാവും ഇവിടെ ആവശ്യമായ പുനരുദ്ധാരണം നടത്തുക. ക്രീക്കിന് ചുറ്റുമായി പൈതൃകം പേറുന്ന 690 കെട്ടിടങ്ങളാണുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാവും ഇതുമായി ബന്ധപ്പെട്ട ഫയല്‍ യുനെസ്‌കോക്ക് കൈമാറുക. ഒക്ടോബറില്‍ യുനസ്‌കോ സംഘം ദുബൈ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ഇതിനെ തുടര്‍ന്നാവും 2017 ജൂണില്‍ പൈതൃകപട്ടികയില്‍ ഉള്‍പെട്ടവയെ യുനസ്‌കോ പ്രഖ്യാപിക്കുക. അത് ദുബൈക്ക് അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബുഖാഷ് പ്രത്യാശ പ്രകടിപ്പിച്ചു.
പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചാല്‍ യു എ ഇയില്‍ നിന്നുള്ള രണ്ടാമത്തെ സ്ഥലമായി ഇത് മാറും. 2011ല്‍ അല്‍ ഐനിലെ ഹഫീത്തിലെയും ഹീലിയിലെയും ആറ് മരുപ്പച്ചകളും ബിദ ബിന്‍ത് സഊദ് ഉത്ഖനന കേന്ദ്രവും ഉള്‍പെട്ട മേഖല യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടംനേടിയിരുന്നു. യുനസ്‌കോ പദവിക്കായി രാജ്യത്തു നിന്നും അഞ്ച് സ്ഥലങ്ങളാണ് പുതുതായി അപേക്ഷിച്ചിരിക്കുന്നത്. ദ ഇദ് ദൂര്‍ സൈറ്റിനെ 2016ലെ യുനസ്‌കോ പട്ടികയിലേക്കും ഷാര്‍ജയിലെ കള്‍ച്ചറല്‍ ലാന്റ് സ്‌കെയ്പിനെ 2017ലെ പട്ടികയിലേക്കും പരിഗണിക്കുന്നുണ്ട്. ഉമ്മുനാര്‍ ദ്വീപിലെയും സര്‍ ബു നയര്‍ ദ്വീപിനുമൊപ്പം ഫുജൈറയിലെ അല്‍ ബിദ്‌യ മസ്ജിദും യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം കിട്ടാന്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇവയെ പരിഗണിക്കുന്ന തിയ്യതി വ്യക്തമായിട്ടില്ല. ആഗോള തലത്തില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നവയും യുനസ്‌കോയുടെ സൈറ്റ് തിരഞ്ഞെടുക്കുന്നതിലുള്ള 10 നിബന്ധനകളില്‍ ഒന്നെങ്കിലും മാനിക്കുന്നതുമായിരിക്കണമെന്നാണ് യുനെസ്‌കോ വ്യക്തമാക്കുന്നത്. സാംസ്‌കാരികമായി തികച്ചും വ്യതിരിക്തമായവയാണെന്ന് സൈറ്റ് സ്വയം തെളിയിക്കുകയും വേണം. യുനസ്‌കോ പരിഗണിക്കുന്നവയില്‍ ദുബൈ ക്രീക്കിനൊപ്പം ഓസ്‌ട്രേലിയയിലെ ടാസ്മാനിയന്‍ കാടുകളും ഉള്‍പ്പെടും.

Latest