Connect with us

Kerala

പാമോലിന്‍: വി എസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. രാഷ്ട്രീയലാഭം മുന്‍നിര്‍ത്തിയുള്ള വി എസിന്റെ ഇടപെടലുകള്‍ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണെന്ന് കുറ്റപ്പെടുത്തിയ കോടതി, ഈ നിലപാട് തുടര്‍ന്നാല്‍ പിഴ ഈടാക്കി വി എസിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പും നല്‍കി. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി എസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് പിന്‍വലിക്കുന്നത് വിജിലന്‍സ് കോടതിയും ഹൈക്കോടതിയും റദ്ദാക്കിയ ശേഷവും രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയതാണ് സുപ്രീം കോടതിയുടെ വിമര്‍ശത്തിന് ഇടയാക്കിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് വി എസിന്റെ ശ്രമമെന്ന് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തി. ഇങ്ങനെ രാഷ്ട്രീയലാഭത്തിന് വേണ്ടി കോടതിയെ ഉപയോഗിക്കരുത്. ഈ നില തുടര്‍ന്നാല്‍ വി എസിനെതിരെ വിധി പറയേണ്ടി വരുമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

മനഃപൂര്‍വം കേസ് നീട്ടിക്കൊണ്ടുപോയി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. രാഷ്ട്രീയലാഭത്തിന് കോടതിയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. കോടതിയുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ വി എസിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി നല്‍കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. വി എസിന്റെ ഹരജി പരിഗണിച്ചപ്പോള്‍ തന്നെ, പാമോലിന്‍ കേസ് പിന്‍വലിച്ചത് റദ്ദാക്കിയ വിജിലന്‍സ് കോടതിവിധി ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍, കേസില്‍ ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നാലാഴ്ച വേണമെന്നുമായിരുന്നു വി എസിന്റെ അഭിഭാഷകരുടെ മറുപടി.
ഇതോടെയാണ് വി എസിനെതിരെ കോടതി രൂക്ഷ വിമര്‍ശം നടത്തിയത്. പുതിയ രേഖകളുണ്ടെന്ന് പറഞ്ഞ് അടിക്കടി കോടതിയെ സമീപിക്കുന്നത് അനന്തമായി കേസ് നീട്ടിക്കൊണ്ടു പോകാനല്ലേയെന്ന് കോടതി ചോദിച്ചു. ഇനി എന്ത് രേഖകളാണ് ഹാജരാക്കാനുള്ളത്? പരാതിക്കാരന് പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹമില്ല. എന്ത് രേഖകളാണെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ ഹാജരാക്കാന്‍ നിര്‍ദേശവും നല്‍കി. പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു വി എസിന്റെ ഹരജിയിലെ പ്രധാന വാദം.
പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും തൃശൂര്‍ വിജിലന്‍സ് കോടതി ഇത് റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പിന്നീട് ശരിവെക്കുകയും ചെയ്തു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടക്കണമെന്ന നിലപാടാണ് വിജിലന്‍സ് കോടതിയും ഹൈക്കോടതിയും സ്വീകരിച്ചത്. കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് നേരത്തെ സുപ്രീം കോടതി വരെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.

Latest