Connect with us

International

ഈജിപ്തില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ വ്യാപക ആക്രമണം

Published

|

Last Updated

കൈറോ: ക്രമസമാധാന നില തകരാറിലായ ഈജിപ്തിലെ സിനാ പ്രവിശ്യയില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം. ഭീകരവാദികളില്‍ നിന്ന് പ്രവിശ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രസ്താവന വന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുരക്ഷാ വിഭാഗം ആക്രമിക്കപ്പെട്ടത്. സിനായിലെ ലാഫി സുരക്ഷാ ചെക്‌പോയിന്റിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിന് പുറമെ, ശക്തിയേറിയ ആയുധങ്ങളുമായി എത്തിയ തോക്കുധാരി റാഫയിലെ സൈനിക ചെക് പോയിന്റിന് നേരെയും ആക്രമണം നടത്തി. സംഭവത്തില്‍ ആറ് സൈനികര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ തലക്ക് ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. വടക്കന്‍ സിനായിലെ അല്‍ജൗറ ചെക്‌പോയിന്റിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യം വെച്ചിരുന്നെങ്കിലും സുരക്ഷാ സൈനികര്‍ ഇത് പരാജയപ്പെടുത്തുകയായിരുന്നു. സിനായ് പ്രവിശ്യയില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് നേരത്തെ ഇസില്‍ രംഗത്തെത്തിയിരുന്നു. ഇസില്‍ അവകാശവാദത്തോട് പ്രതികരിക്കവെ, തങ്ങള്‍ ഒരിക്കലും സിനാ പ്രവിശ്യ വിട്ടുപോകില്ലെന്നും തങ്ങളെല്ലാം കൊല്ലപ്പെടുന്നത് വരെ സിനാ പ്രവിശ്യയെ ഈജിപ്തില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും സീസി ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബ്രദര്‍ഹുഡിന്റെ കരങ്ങളുണ്ടെന്നും സീസി കൂട്ടിച്ചേര്‍ത്തു.

Latest