കാട്ടാനക്കൂട്ടം കുടിലുകള്‍ തകര്‍ത്തു;കരിങ്കണ്ണിക്കുന്നുകാര്‍ കാടിറങ്ങി

Posted on: February 2, 2015 10:44 am | Last updated: February 2, 2015 at 10:44 am

കല്‍പ്പറ്റ: തരിയോട് കരിങ്കണ്ണിക്കുന്ന് കോളനിയിലെ നാല് കുടിലുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം.രാത്രി ഏഴ്മണിയോടെ എത്തിയ കാട്ടാനക്കൂട്ടം കുടിലുകള്‍ ആക്രമിക്കുകയായിരുന്നു. പേടിച്ച് പുറത്തിറങ്ങിയ കോളനിവാസികള്‍ സമീപത്തെ പാറയ്ക്ക് മുകളില്‍ തീകൂട്ടി രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. പുലര്‍ച്ചയോടെ കാട്ടാനക്കൂട്ടം സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയതിന് ശേഷമാണ് കോളനിവാസികള്‍ക്ക് വീടുകളിലേക്ക് തിരിച്ചെത്താനായത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ പോലീസും വനംവകുപ്പും സ്ഥലത്തെത്തി കോളനിവാസികളെ പുറത്തെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതിയിലുള്‍പ്പെടുത്തി തരിയോട് പത്താംമൈലില്‍ കരങ്കണ്ണിക്കുന്ന് കോളനിവാസികള്‍ക്കായി കണ്ടെത്തിയ ഭൂമിയിലെ ഒഴിഞ്ഞ് കിടക്കുന്ന വീട്ടില്‍ താല്‍ക്കാലികമായി പാര്‍പ്പിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ലഭിച്ചില്ലെന്നാരോപിച്ച് കാടിറങ്ങാന്‍ കൂട്ടാക്കാതെ കഴിയുകയായിരുന്നു കോളനിവാസികള്‍ വന്യമൃഗശല്ല്യം നിമിത്തം കഴിഞ്ഞ കുറച്ച് മാസങ്ങളായി കാട്ടാനശല്ല്യം രൂക്ഷമാണ് ഇവിടെ. ദിവസങ്ങള്‍ക്ക് മുന്‍പും കോളനിയിലെ ഒരു വീട് കാട്ടാന ആക്രമിച്ചിരുന്നു. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകളുടെ ശല്ല്യത്താല്‍ വെട്ടവും വെളിച്ചവുമില്ലാത്ത കോളനിയില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ബാണാസുര സാഗറിനും കക്കയം ഡാമിനും ഇടയില്‍ കൊടും വനത്തിനുള്ളിലാണ് കരിങ്കണ്ണിക്കുന്ന് കോളനി. പതിറ്റാണ്ടുകളായി വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി പട്ടിക വര്‍ഗ വകുപ്പ് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി മോഹ വിലകൊടുത്ത് വാങ്ങിയതാണ്. ഭൂമിയിടപാടില്‍ അഴിമതി ആരോപണമുയര്‍ന്നതിന് പിറകെ വഴിയും വെള്ള സൗകര്യവും ഇല്ലാത്തതും കൃഷിയോഗ്യമല്ലാത്ത സ്ഥലത്ത് താമസിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ആദിവാസികള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ പുനരധിവാസ നടപടികള്‍ നീളുകയും ചെയ്തു.