Connect with us

Wayanad

രാത്രിയാത്രാ നിരോധം: മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തിയേക്കും; പ്രതീക്ഷയോടെ വയനാട്

Published

|

Last Updated

കല്‍പ്പറ്റ: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട് കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയേക്കും. രാത്രിയാത്രാ നിരോധന പ്രശ്‌നത്തില്‍ കേരള -കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശമാണ് ചര്‍ച്ചക്ക് വഴിയൊരുക്കുന്നത്.
സുപ്രീം കോടതി കേസ് പരിഗണിച്ച വേളയില്‍ മുന്‍ സോളിസിറ്റര്‍ ജനറലും കേരളത്തിന് വേണ്ടി കേസില്‍ ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിന്റെ ഭാഗം വിശദീകരിച്ചപ്പോഴാണ് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനെ കുറിച്ച് ആരാഞ്ഞത്. എട്ടാഴ്ച്ചക്ക് ശേഷമാണ് ഇനി കേസ് പരിഗണിക്കുക. അതിന് മുന്‍പ് കേരള – കര്‍ണാടക മുഖ്യമന്ത്രിമാര്‍ യാത്രാ നിരോധം സംബന്ധിച്ച് ധാരണയിലെത്തിയേക്കും. ഇതേ സമയം കര്‍ണാടക സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി വയനാട്ടിലെ മന്ത്രി, എംപി എന്നിവരടക്കമുള്ള ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധ കേസില്‍ കേരളത്തിന്റെ നിലപാടിനെ എതിര്‍ക്കില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്നും എം എല്‍ എ പറഞ്ഞു. നിരോധം സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ കേരളത്തിനലുകൂലമാണ്. രാത്രി യാത്രാ നിരോധം ഫലപ്രദമല്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിന് നിരോധം പ്രയോഗികമല്ലെന്നും ബദല്‍ റോഡായി പരിഗണിക്കപ്പെട്ട കുട്ട ഗോണിക്കുപ്പ റോഡിലാണ് കൂടുതല്‍ വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്നതെന്നും ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു്. കേരളത്തിന്റെ വാദം അംഗീകരിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം പാത യാത്രക്കാര്‍ക്കായി തുറന്നേക്കുമെന്നാണ് പ്രതീക്ഷ

Latest