Connect with us

International

നൈജീരിയയില്‍ വീണ്ടും ബോകോ ഹറാം ആക്രമണം

Published

|

Last Updated

മൈദുഗുരി: നൈജീരിയയിലെ പ്രമുഖ നഗരമായ മൈദുഗുരിയില്‍ വീണ്ടും ബോകോ ഹറാം ആക്രമണം. മൈദുഗുരിയുടെ തെക്കുഭാഗം ഇന്നലെ ആയുധധാരികളായ ബോകോ ഹറാം ആക്രമിച്ചതായും തന്ത്രപ്രധാനമായ നഗരത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തലാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നൈജീരിയയില്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് തന്ത്രപ്രധാനമായ നഗരം കൈവശപ്പെടുത്താന്‍ ബോക്കോ ഹറാം രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭാഗത്തുനിന്നും ആക്രമണ ഭീതിയുള്ളതിനാല്‍ നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ബോകോ ഹറാമിനെ നേരിടാന്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് നൈജീരിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ചാഡിലും കാമറൂണിലും കഴിഞ്ഞ ആഴ്ചകളില്‍ ബോകോ ഹറാം കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് സൈന്യം നടത്തിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ശക്തിക്ഷയം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാകാം ഇപ്പോഴത്തെ ബോകോ ഹറാം ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദുരെയുള്ള മുലൈ പ്രദേശത്ത് നേരത്തെ കനത്ത പോരാട്ടം നടന്നിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് സൈന്യം ഇവര്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നത്. എന്നാല്‍ വിവിധ ഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ ബോകോ ഹറാം മൈദുഗുരിക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് സുരക്ഷാ അധികൃതര്‍ പറയുന്നു. പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഏഴ് ദിവസം മുമ്പ് മൈദുഗുരിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബോകോ ഹറാം ശ്രമിച്ചിരുന്നെങ്കിലും സൈന്യം ഇത് പരാജയപ്പെടുത്തുകയായിരുന്നു. ഇതില്‍ ബോകോ ഹറാം പരാജയപ്പെട്ടെങ്കിലും ശേഷം മോന്‍ഗുനോ നഗരവും ഒരു സൈനിക കേന്ദ്രവും ഇവര്‍ പിടിച്ചടക്കിയിരുന്നു. ബോകോ ഹറാമിനെതിരെ പോരാടാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ടുവരണമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കന്‍ യൂനിയന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്കിടെ, 7,500 സൈനികരെ ബോകോ ഹറാമിനെതിരെ പോരാടാന്‍ തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest