കഞ്ചിക്കോട്ട് കാവല്‍സംഘം നോക്കുകുത്തി

Posted on: February 2, 2015 9:52 am | Last updated: February 2, 2015 at 9:52 am

പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖല മലിനീകരണമേഖലയായി മാറുമ്പോള്‍ അത് നിരീക്ഷിക്കേണ്ട പരിസ്ഥിതി കാവല്‍സംഘം യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷത്തിലേറെയാവുന്നു. പ്രദേശത്തെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണേണ്ട കാവല്‍സംഘം മൂന്ന് മാസം കൂടുമ്പോള്‍ യോഗം ചേരണമെന്നാണ് നിയമം. വ്യവസായമേഖലയിലെ ഇരുമ്പുരുക്ക് കമ്പനികളടക്കമുള്ള സ്ഥാപനങ്ങള്‍ വെള്ളവും മണ്ണും വായുവുമൊക്കെ വിഷമയമാക്കുന്നുവെന്ന പരാതി ശക്തമാവുകയാണ്. ഇത് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നെന്ന ആരോഗ്യവകുപ്പിന്റെ പഠനഫലവും പുറത്തുവന്നിരുന്നു. കമ്പനികള്‍ക്കകത്ത് ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങളുടെ അഭാവമുള്ളതായി ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അടുത്ത കാലത്ത് ഇരുമ്പുരുക്ക് കമ്പനിയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിക്കുകയും ചെയ്തു. നിരവധി അന്യസംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല. മലിനീകരണപ്രശ്‌നങ്ങളില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളും ഉണ്ടാവുന്നില്ല. നിയമസ’യുടെ പരിസ്ഥിതിക്കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് കഞ്ചിക്കോട് പരിസ്ഥിതി കാവല്‍സംഘം രൂപവത്കൃതമാവുന്നത്. കളക്ടര്‍ ചെയര്‍മാനും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായിട്ടുള്ള സമിതിയാണിത്. സംഘം അവസാനമായി യോഗം കൂടിയത് 2013 ഡിസംബര്‍ 19നാണ്. ജലദുരുപയോഗം നടത്തുന്നതായി നിയമസഭാക്കമ്മിറ്റി കണ്ടെത്തിയ പുതുശ്ശേരിയിലെ പെപ്‌സി കമ്പനിക്കെതിരെ ശുപാര്‍ശ ചെയ്ത നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നായിരുന്നു അന്നത്തെ യോഗത്തിലുണ്ടായ പ്രധാനതീരുമാനം. പിന്നീട് യോഗം കൂടിയിട്ടില്ല. ഓരോ വര്‍ഷവും മാര്‍ച്ചിനകം സംഘത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കേണ്ടതാണ്. സംഘം യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അത് സമര്‍പ്പിച്ചിരിക്കാനും ഇടയില്ലെന്ന് കാവല്‍സംഘാംഗമായ ഡോ ി എസ പണിക്കര്‍ പറഞ്ഞു. ഈ മാസംതന്നെ സംഘത്തിന്റെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ എന്‍ കൃഷ്ണകുമാര്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ മറുപടിയൊന്നും കിട്ടിയിട്ടില്ല. അതിനാലാണ് ഇതുവരെ യോഗം വിളിക്കാതിരുന്നതെന്നാണ് അതിന് ചുമതലപ്പെട്ട ഡി ഐ —സി നറല്‍ മാനേജറുടെ വിശദീകരണം.