യു ഡി എഫ് തട്ടകങ്ങള്‍ക്ക് അവഗണന: മുസ്‌ലിം ലീഗില്‍ മുറുമുറുപ്പ്

Posted on: February 2, 2015 9:24 am | Last updated: February 2, 2015 at 9:24 am

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ശനിയാഴ്ച രാജിവെച്ചതോടെ പുതിയ പ്രസിഡന്റിനെ നിര്‍ണയിക്കാനുള്ള നീക്കങ്ങള്‍ സജീവമായി. മുട്ടാഞ്ചേരി വാര്‍ഡില്‍ നിന്നുള്ള ബുഷ്‌റ പൂളോട്ടുമ്മലിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് മുസ്‌ലിം ലീഗ് പരിഗണിക്കുന്നത്.
അതേസമയം, എക്കാലത്തും യു ഡി എഫിനും മുസ്‌ലിം ലീഗിനും സ്ഥിരം തട്ടകമെന്നവകാശപ്പെടാന്‍ കഴിഞ്ഞിരുന്ന ആരാമ്പ്രം, കൊട്ടക്കാവയല്‍ വാര്‍ഡുകളെ അവഗണിച്ചതില്‍ പാര്‍ട്ടിയില്‍ മുറുമുറുപ്പ് പ്രകടമായിരിക്കയാണ്. 12, 13 വാര്‍ഡുകള്‍ എക്കാലവും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ചവയാണ്. കൊട്ടക്കാവയല്‍ (വാര്‍ഡ് 12) ലീഗ് പ്രതിനിധി പി വി ആമിനാ മുഹമ്മദ് ഇപ്പോള്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണന്‍ ആണ്. അവരെ പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടി അവഗണിച്ചതായാണ് ആക്ഷേപം.
ഭരണസമിതിയുടെ ആരംഭത്തില്‍ തന്നെ രണ്ട് വര്‍ഷം പ്രസിഡന്റ് പദവി വഹിച്ചിരുന്ന വി ഖദീജ മുട്ടാഞ്ചേരി പുല്ലോറമ്മല്‍ വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചുവരുന്നത്. പിന്നീട് അധികാരമേറ്റ കോണ്‍ഗ്രസിലെ സിന്ധുമോന്‍ പുല്ലാളൂര്‍ എരവന്നൂര്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു. പുതുതായി മുസ്‌ലിം ലീഗ് പരിഗണിക്കുന്ന ബുഷ്‌റ പൂളോട്ടുമ്മലും മുട്ടാഞ്ചേരിയിലാണ്. മുമ്പ് എല്‍ ഡി എഫ് ഭരിച്ചിരുന്നപ്പോള്‍ പ്രസിഡന്റ് പദവി വഹിച്ച ചാലില്‍ രാധാമണി, ഇ ബേബി വാസന്‍, പി കോരപ്പന്‍ മാസ്റ്റര്‍ എന്നിവരും മുട്ടാഞ്ചേരി, പുല്ലാളൂര്‍ ഭാഗത്ത് നിന്നുള്ളവരായിരുന്നു. യു ഡി എഫില്‍ ഭരണസമിതിക്ക് കേവലം ഒമ്പത് മാസം മാത്രം കാലാവധിയുള്ളപ്പോഴും പ്രസിഡന്റ് പദവിയിലേക്ക് മുട്ടാഞ്ചേരിയില്‍ നിന്നുള്ള ബുഷ്‌റ പൂളോട്ടുമ്മലിനെ പാര്‍ട്ടി പരിഗണിക്കുന്നതാണ് ലീഗില്‍ അപശബ്ദങ്ങള്‍ക്കടയാക്കിയിരിക്കുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് മുസ്‌ലിം ലീഗ്, യു ഡി എഫ് നേതൃയോഗങ്ങള്‍ അടുത്ത ദിവസം നടക്കുന്നുണ്ട്.