Connect with us

National

ചൈനീസ് ബന്ധം ദൃഢമാക്കാന്‍ ആറിന പദ്ധതിയുമായി സുഷമ

Published

|

Last Updated

ന്യൂഡല്‍ഹി/ബീജിംഗ്: ചൈനയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന് ആറിന പദ്ധതിയുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ആഗോളവും മേഖലാപരവുമായ താത്പര്യങ്ങള്‍ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള വികസന തന്ത്രങ്ങള്‍ക്കാണ് ഇന്ത്യയും ചൈനയും നേതൃത്വം നല്‍കേണ്ടതെന്നും തന്റെ ആദ്യ ചൈനീസ് സന്ദര്‍ശനത്തിനിടെ സുഷമ പറഞ്ഞു. ഇന്ത്യാ- ചൈന മീഡിയാ ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് അവര്‍ ആറിന കര്‍മപരിപാടികള്‍ മുന്നോട്ട് വെച്ചത്.
ഏഷ്യന്‍ നൂറ്റാണ്ട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി യോജിക്കാവുന്ന എല്ലാ മേഖലകളിലും സഹകരണത്തിന്റെ വാതില്‍ തുറന്നിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി ഇരുപക്ഷത്തെയും പത്രപ്രവര്‍ത്തകരുടെ പങ്കാളിത്തം അനിവാര്യമാണ്. മീഡിയാ ഫോറത്തില്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ യുവാക്കള്‍ക്കും സംരംഭകര്‍ക്കും മുന്നോട്ട് വരാനുള്ള അവസരം ഒരുക്കി മുന്നോട്ട് പോകുകയാണ്. ഇന്ത്യയില്‍ അവസരത്തിന്റെ കുത്തൊഴുക്കിനാണ് തുടക്കം കുറിച്ചത്. എട്ട് മാസത്തിനിടെ ആധുനികവത്കരണത്തിന്റെ അമൂല്യമായ മാതൃകകളിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നതെന്ന് സുഷമ അവകാശപ്പെട്ടു.
ഈ ഘട്ടത്തില്‍ ചൈനയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ വില കല്‍പ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചൈനീസ് പ്രഡിഡന്റ് സി ജിന്‍ പിംഗുമായും പ്രധാനമന്ത്രി ലി കെക്വിയാംഗുമായും മൂന്ന് തവണ പ്രധാനമന്ത്രി നരേന്ദ്ര മേദി ചര്‍ച്ച നടത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ആണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ വിദേശ പ്രതിനിധി. ഇതെല്ലാം ഇന്ത്യ- ചൈന ബന്ധത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ സൗഹൃദ പ്രകടനം നടത്തുകയും ചെയ്തതിനെ സംശയത്തോടെയാണ് ചൈന കണ്ടത്. മാത്രമല്ല, ഈ ഘട്ടത്തില്‍ പാക്കിസ്ഥാനുമായി വര്‍ധിച്ച സൗഹൃദത്തിന് ശ്രമിക്കുമെന്ന പ്രഖ്യാപനം ചൈന നടത്തുകയും ചെയ്തു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഇടപെടലിലും ചൈനക്ക് എതിര്‍പ്പുണ്ട്. ഈ പശ്ചാത്തലത്തില്‍ ചൈനയെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യമാണ് സുഷമയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമായും ഉള്ളത്. ചൈനീസ് വിദേശകാര്യ മന്ത്രിയുമായും വാര്‍ത്താ വിതരണ മന്ത്രിയുമായും സുഷമ ചര്‍ച്ച നടത്തി. ഇന്ന് അവര്‍ റഷ്യ- ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രാലയ ചര്‍ച്ചയില്‍ പങ്കെടുക്കും. ഈ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റുമായും അവര്‍ കൂടിക്കാഴ്ച നടത്തും.

Latest